ഇന്ത്യയിലെ നഗരങ്ങളില്‍ പലതും വികസിച്ചെങ്കിലും ഇപ്പോഴും പല വന്‍ നഗരങ്ങള്‍ ഗതാഗതകുരുക്കിന്റെ കാര്യത്തില്‍ പ്രശസ്തമാണ്. ടെക് നഗരമെന്നാണ് വിളിപ്പേരെങ്കിലും ബെംഗളുരുവിലെ ഗതാഗതകുരുക്കും ഇതുപോലെ തന്നെ പ്രശസ്തമാണ്. പലപ്പോഴും ട്രോളുകളായും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളായും ബെംഗളുരുവിലെ ഈ ട്രാഫിക്ക് പ്രശ്‌നം വരാറുണ്ട്. ഇപ്പോഴിതാ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ല ബെംഗളുരു ട്രാഫിക്കിനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ബെംഗളുരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയില്‍ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ താന്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ എത്തിയെന്നാണ് ശുഭാംശു ശുക്ല പറഞ്ഞത്. ഞാന്‍ ഈ വേദിയില്‍ ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന സമയത്തിന്റെ മൂന്നിരട്ടി സമയമാണ് മാറത്തഹള്ളിയില്‍ നിന്നും ഇവിടം വരെ എത്താന്‍ ചിലവഴിച്ചത്. എന്റെ ആത്മാര്‍ഥതയെ നിങ്ങള്‍ തിരിച്ചറിയണം. ടെക് ഉച്ചകോടിയില്‍ ശുഭാംശു ശുക്ല പറഞ്ഞു.
കര്‍ണാടക മന്ത്രിയായ പ്രിയങ്ക ഗാര്‍ഖയെ വേദിയില്‍ ഇരുത്തിയായിരുന്നു ശുഭാംശു ശുക്ലയുടെ പരിഹാസം. അതേസമയം ശുഭാംശു ഉന്നയിച്ച വിഷയം അംഗീകരിക്കുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും മന്ത്രി പ്രതികരിച്ചു. 2027ല്‍ ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനായി തിരെഞ്ഞെടുക്കപ്പെട്ട സഞ്ചാരികളില്‍ ഒരാളാണ് ശുഭാംശു ശുക്ല.