ന്യൂഡൽഹി: ഇന്ത്യൻ നിർമിത യുദ്ധവിമാനം 'തേജസ്' ദുബൈ എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം. പൈലറ്റ് കൊല്ലപ്പെട്ടാൻ ഉണ്ടായ കാരണമെന്തെന്ന് കണ്ടെത്തുന്നതിനായാണ് അപകടത്തിൽ അന്വേഷണം ആരംഭിച്ചത്. വ്യോമസേനയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. പൈലറ്റ് നമാംശിൻറെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
70 ശതമാനവും ഇന്ത്യൻ നിർമിതമായ തേജസ് വിമാനം തകരാനിടയായ സാഹചര്യം വിശദമായി വ്യോമസേന പരിശോധിക്കുന്നു എന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായപ്പോൾ എന്തുകൊണ്ടാണ് പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ സാധിക്കാതിരുന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബൈയിൽ നടന്നത്. കഴിഞ്ഞ കൊല്ലം മാർച്ചിൽ രാജ്യസ്ഥാനിൽ വച്ചും തേജസ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ജയ്‌സൽമേറിൽ വച്ചുണ്ടായ അപകടത്തിൽ നിന്നും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു.
ദുബൈ എയർ ഷോയുടെ അവസാന ദിനമായ ഇന്നലെ ഉച്ചയോടെ നടന്ന തേജസിന്റെ പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു.