Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം
വിജയ്‌യുടെ കാരവാൻ നാമക്കൽ പൊലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം.
ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടി.വി.കെ നേതാവും നടനുമായ വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
വിജയ്‌യുടെ കാരവാൻ നാമക്കൽ പൊലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിന് പൊലീസ് കൈമാറിയിട്ടുണ്ട്. പ്രദേശത്തുള്ള സിസിടിവികളും വിജയ്‌യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചരണ വാഹനത്തിനടിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയിൽപ്പെട്ടിട്ടും ബസ് നിർത്താതെ മുമ്പോട്ടെടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് സാധാരണഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
കരൂരിൽ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ നടൻ വിജയ് ഉൾപ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലം വിട്ട ടിവികെ നേതാക്കളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.