ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപര ജംഗ്‌ഷനില്‍ പവന്‍ എക്‌സ്പ്രസിലെ ജനറല്‍ കംമ്പാട്ട്‌മെന്റിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുബൈയിലേക്ക് സഹോദരനും ബന്ധുവിനുമൊപ്പം ട്രെയിനില്‍ സഞ്ചരിച്ച യുവാവാണ് കൊല്ലപ്പെട്ടത്. യാത്രയ്‌ക്കിടെ മുസഫര്‍പുരില്‍ നിന്ന് ഒരാള്‍ ട്രെയിനില്‍ കയറുകയും യുവാവിനോട് സീറ്റ് ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി.
വിവരമറിഞ്ഞ് എത്തിയ പൊലീസ് ബഹളം വെച്ചയാളെ കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷം ട്രെയിനിലെ ശുചിമുറിയിലേക്ക് പോയ യുവാവിനെ ഏറെനേരമായിട്ടും കാണാതായതോടെ സഹോദരന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശുചിമുറിയോട് ചേര്‍ന്നുള്ള സ്ഥലത്ത് കുത്തേറ്റു നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
കുത്തേറ്റ യുവാവ് ട്രെയിനില്‍ വെച്ചു തന്നെ മരിച്ചുവെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. സീറ്റിനായി ബഹളം വെച്ചയാളെ പൊലീസ് ഹാജിപുര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ വിട്ടയച്ചിരുന്നുവെന്നും ഇയാള്‍ പിന്തുടര്‍ന്ന് എത്തി കൊല നടത്തുകയായിരുന്നു എന്നും സഹോദരന്‍ വ്യക്തമാക്കി.