എന്റെ സഹോദരന്‍ ഒറ്റയ്ക്കു പൊരുതിയപ്പോള്‍ നിങ്ങളെല്ലാവരും എവിടെയായിരുന്നു?;പ്രവർത്തക സമിതി യോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക
പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കു പ്രതിരോധം തീര്‍ത്ത് പ്രിയങ്കാ ഗാന്ധി.
പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കു പ്രതിരോധം തീര്‍ത്ത് പ്രിയങ്കാ ഗാന്ധി. തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ത്തന്നെ ഇരിക്കുന്നുണ്ടെന്നു പറഞ്ഞ് സംസാരം ആരംഭിച്ച പ്രിയങ്ക റഫാല്‍ വിഷയത്തിലെ ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം പോലും ഏറ്റെടുക്കാന്‍ ആരും തയാറായില്ലെന്നും തുറന്നടിച്ചു.
നിലവിലെ സാഹചര്യത്തില്‍ അധ്യക്ഷ പദവിയൊഴിയുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിനു തുല്യമാണെന്നും മുഖ്യശത്രുവായ രാഹുലിനെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കി.
നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പല നേതാക്കള്‍ക്കും വീഴ്ച സംഭവിച്ചെന്ന രാഹുലിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.
വീഴ്ചയ്ക്കു പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തിയിരുന്നു. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ക്കെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. പ്രതിസന്ധിഘട്ടങ്ങളിലും ഇവര്‍ മക്കള്‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.
പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരേണ്ട ആവശ്യകത എഐസിസി സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ യോഗത്തില്‍ ഉന്നയിച്ചപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടല്‍. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത് നേതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയതുകൊണ്ടാണെന്നു രാഹുല്‍ പറഞ്ഞു.