മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. കൂടാതെ മ്യാന്‍മറിലേക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. 40ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് കൊണ്ടുപോകുന്നത്.
അതേസമയം ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു കപ്പലുകള്‍ കൂടി പുറപ്പെടുമെന്ന് നാവികസേന അറിയിച്ചു. ആശുപത്രി സ്ഥാപിക്കുന്നതിന് 118 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘം എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതിലുള്ള ആള്‍ നാശവും നാശനഷ്ടങ്ങളും ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ ആയിരത്തിലേറെ പേര്‍ മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചിരുന്നു. മ്യാന്‍മറില്‍ 1000 പേര്‍ മരിച്ചിട്ടുള്ളതായി സൈനിക ഭരണകൂടം അറിയിച്ചു. കൂടാതെ ഭൂകമ്പത്തില്‍ 2376 പേര്‍ക്ക് പരിക്കേറ്റതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍ രാജ്യമായ തായ്‌ലന്‍ഡില്‍ 10 പേരാണ് മരിച്ചത്.