ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യത്തിന് സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ പിന്തുണ ലഭിക്കുമെന്ന് സൂചന. മക്കള്‍ നീതി മയ്യത്തിന് വിജയാശംസ നേര്‍ന്ന് രജനി നടത്തിയ ട്വീറ്റും തുടര്‍ന്ന് കമല്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
'ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എന്റെ സുഹൃത്തും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പൊതുജീവിതത്തിലും അദ്ദേഹത്തിന് വിജയം നേടാന്‍ എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍', ഇങ്ങനെയായിരുന്നു രജനിയുടെ ട്വീറ്റ്.
മിനിറ്റുകള്‍ക്കകം ട്വിറ്ററിലൂടെത്തന്നെ കമലിന്റെ പ്രതികരണമെത്തി. '40 വര്‍ഷം നീളുന്ന സൗഹൃദത്തിന് നന്ദി. നല്ല മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ (രജനീകാന്തിനെയും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മണ്‍ട്രത്തെയും സൂചിപ്പിച്ച്) 40 (40 സീറ്റുകള്‍) നേടാനാവും. നാളെ നമ്മുടേതാണ്, എന്നായിരുന്നു കമലിന്റെ മറുപടി.
ഇതോടെയാണ് ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് രജനിയുടെ പിന്തുണ ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് രജനികാന്ത്.