ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം
സൈബര്‍ സുരക്ഷാ ആപ്പ് സഞ്ചാര്‍ സാഥി പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമെങ്കിലും ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് ഇല്ലാതാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് വികസിപ്പിച്ചെടുത്ത സൈബര്‍ സുരക്ഷാ ആപ്പ് സഞ്ചാര്‍ സാഥി പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമെങ്കിലും ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് ഇല്ലാതാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ആപ്പ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമില്ലാത്തവര്‍ ആപ്പ് സജീവമാക്കേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പല മൊബൈല്‍ ഫോണുകളിലും ഗൂഗിള്‍ മാപ്സ് ഉള്‍പ്പെടെ നിരവധി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉണ്ട്. എല്ലാവരും ആ ആപ്പുകളെല്ലാം ഉപയോഗിക്കാറുണ്ടോ? ആളുകള്‍ക്ക് ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം.
ഇതും അങ്ങനെ തന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സഞ്ചാര്‍ സാത്തി ആപ്പ് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യ ആദ്യമായി ഒരു പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പ് നിര്‍ബന്ധമാക്കുന്നുണ്ടെന്നും പൗരന്മാരുടെ നിരീക്ഷണത്തിനായി ഉദ്ദേശിച്ചുള്ളതാണെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു. നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനും വ്യാജ മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗം തടയാനും സഹായിക്കുന്ന ഒരു ആപ്പാണ് സഞ്ചാര്‍ സാത്തി. എന്നാല്‍ പ്രീ-ഇന്‍സ്റ്റാളേഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ആപ്പിള്‍.
ഉപയോക്തൃ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ഐഫോണുകളില്‍ സഞ്ചാര്‍ സാത്തി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഈ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. ഇത് വരുമാനത്തെ അടിസ്ഥാനമാക്കി പിഴ നിശ്ചയിക്കുന്ന ആഗോള ആന്റി-ട്രസ്റ്റ് പെനാല്‍റ്റി നിയമങ്ങളെ എതിര്‍ക്കുമെന്ന് ആപ്പിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.