കാലയെ കൈവിട്ട് ഉലകനായകനും; കമല്‍‌ഹാസന്റെ നിലപാടില്‍ ഞെട്ടി രജനി ആരാധകര്‍

കാലയെ കൈവിട്ട് ഉലകനായകനും; കമല്‍‌ഹാസന്റെ നിലപാടില്‍ ഞെട്ടി രജനി ആരാധകര്‍

ചൊവ്വ, 5 ജൂണ്‍ 2018 (16:23 IST)
മക്കള്‍ നീതി മയ്യം നേതാവ് കമല്‍‌ഹാസനും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും തമ്മിലുള്ള അടുപ്പം ആഴത്തിലുള്ളതാണ്. രാഷ്‌ട്രീയ പ്രവേശനത്തിന് മുന്നോടിയായി കമല്‍ രജനിയെ വീട്ടിലെത്തി കാണുകയും കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി കമല്‍ഹാസന്‍ നടത്തിയ കൂടിക്കാഴ്‌ചയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രജനിയുടെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കമല്‍ കുമാരസ്വാമിയെ കണ്ടത്. ഇതോടെ കാലയുടെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചു.

എന്നാല്‍ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ കമല്‍ നിലപാടറിയിച്ചതാണ് രജനിക്കും കാലയ്‌ക്കും തിരിച്ചടിയായത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയോ എന്ന  ചോദ്യത്തിന് കാവേരി നദീജലത്തര്‍ക്കമാണ് വലിയ വിഷയമെന്നും അതാണ് ചര്‍ച്ചയായതെന്നുമാണ് കമല്‍ പരസ്യമായി പറഞ്ഞു.

സിനിമകളേക്കാള്‍ വലുതാണ് ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ തുടരുന്ന കാവേരി വിഷയമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ കാവേരി വിഷയം സംസാരിച്ചു. കുമാരസ്വാമിയുടെ പ്രതികരണം ആശ്വാസം പകരുന്നതാണെന്നും കമല്‍ വ്യക്തമാക്കി. ഇതോടെയാണ് കര്‍ണാടകയിലെ കാലയുടെ റിലീസുമായി ബന്ധപ്പെട്ട  കാര്യം ചര്‍ച്ചയായില്ലെന്ന് വ്യക്തമായത്.

കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് നേരത്തെ രംഗത്തു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മകൻ ഗുണ്ടാസംഘത്തെ പൊലീസിന് കാണിച്ചുകൊടുത്തു; അച്ഛനെക്കൊന്ന് പ്രതികാരം തീർത്തു