Publish Date: Tue, 29 Jan 2019 (17:53 IST)
Updated Date: Tue, 29 Jan 2019 (17:54 IST)
കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചിട്ട് ഇന്നേക്ക് അറുപത്തിയേഴ് ദിവസങ്ങൾ പിന്നിടുകയാണ്. അപ്രതീക്ഷിതമായ മരണം സിനിമാ-രാഷ്‌ട്രീയ പ്രവർത്തകരെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധിപേർ അനുശോചനം അർപ്പിച്ച് രംഗത്തെത്തിയിരുന്നു.
എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇപ്പോൾ കുടുംബക്കാർ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയുടെ ഫോട്ടോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അംബരീഷിന് ഇഷ്‌ടമുള്ള സാധനങ്ങൾ അംബരീഷിന്റെ ഫോട്ടോയ്‌ക്ക് മുമ്പിൽ വെച്ചുകൊണ്ട് തെലുങ്ക് ആചാരത്തിലായിരുന്നു ചടങ്ങ് നടന്നത്.
പഴങ്ങൾ, പൂക്കൾ തുടങ്ങിയവയ്‌ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും അംബരീഷിന്റെ ഫോട്ടോയ്‌ക്ക് മുമ്പിൽ വച്ചിട്ടുണ്ട്. ചടങ്ങ് തീർത്തും തെലുങ്ക് രീതി പ്രകാരമാണ്. അതേസമയം, ചടങ്ങിൽ മദ്യക്കുപ്പി വയ്‌ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇങ്ങനെ ചെയ്യുന്നത് തീർത്തും തെറ്റാണെന്നും പറയുന്നവരും ഉണ്ട്.
എന്നാൽ ചിലയിടങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി നടത്തുന്ന പൂജയിൽ അവർക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്‌ക്കുന്നതാണ് പതിവ്. അതേ രീതിതന്നെയാണ് ഇവിടെയും പിന്തുടർന്നിരിക്കുന്നത്.
മലയാളത്തിൽ ഉൾപ്പെടെ ഇരുന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലെ ജനപ്രിയ നായകന്‍ പിന്നീട് രാഷ്ട്രീയത്തിൽ താരമാകുകയായിരുന്നു. 1998ല്‍ ലോക്‌സഭയില്‍ ജെ ഡി എസ് എം പിയായാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അംബരീഷ് രണ്ടു തവണകൂടി ലോക്‌സഭയിലെത്തി.