പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി
തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ചാണ് നിര്‍ണായകവിധി പുറപ്പെടുവിച്ചത്.
പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി. സ്‌കൂളുകള്‍,ബസ് സ്റ്റാന്‍ഡ്,ആശുപത്രികള്‍,റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ തെരുവുനായ ശല്യം ഒഴിവാക്കണമെന്നും ഇതിനുള്ള നടപടികള്‍ എല്ലാ സംസ്ഥാനസര്‍ക്കാരുകളും സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ചാണ് നിര്‍ണായകവിധി പുറപ്പെടുവിച്ചത്.
മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. കൃത്യമായ പരിശോധനകള്‍ ദിനം പ്രതി ഉദ്യോഗസ്ഥര്‍ നടത്തണം. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം.ഇതിനായി ദേശീയപാതകളിലും റോഡുകളിലും പട്രോളിങ് നടത്തണം. സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ തെരുവുനായകള്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തെരുവുനായക്കളില്‍ നിന്നും സുരക്ഷിതമായിരിക്കണമെന്നും ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരായിരിക്കും ഉഠരവാദികളെന്നും കോടതി വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി 8 ആഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.