Publish Date: Thu, 13 Dec 2018 (18:30 IST)
Updated Date: Thu, 13 Dec 2018 (18:34 IST)
ഗാസിയാബാദ്: കാമുകി ജോലിക്കുപോകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ഒടുവിൽ എത്തിച്ചേർന്നത് യുവാവിന്റെ ആത്മഹത്യ ശ്രമത്തിൽ. തർക്കത്തിനിടെ 22 കാരനായ രവി യാദവ് സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗാസിയാബാദിലെ ഖോദയിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.
രവി യാദവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രവിയുടെ കാമുകിയയ യുവതിക്ക് ഈയടുത്ത് ജോലി ലഭിച്ചിരുന്നു. എന്നാൽ യുവതി ഈ ജോലിക്ക് പോകുന്നത് രവി യാദവിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ നാലു ദിവസങ്ങളായി ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നു.
സംഭവ ദിവസവും രവി കാമുകിയെ കണ്ടിരുന്നു. ശേഷം വീട്ടിലെത്തി പിതാവായ രാജു യാദവിനെ വിളിച്ചുണർത്തി യാത്ര പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ കഴുത്തിൽനിന്നും രക്തം ചീറ്റി രവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവി യാദവ് അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. നോയിഡ സെക്ടർ 37ൽ ഫുഡ് ഡെലിവറി കമ്പനിയിൽ ജീവനക്കാരനാണ് രവി യാദവ്.