എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്; തടസ്സപ്പെടുത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും
പേവിഷബാധ മരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയ തലസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണവും തെരുവ് നായ്ക്കളുടെ കടി മൂലമുണ്ടാകുന്ന പേവിഷബാധ മരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
പ്രായമായവരെയും കുട്ടികളെയും പേവിഷബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എങ്ങനെയെന്ന് എടുത്തുകാണിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ലേഖനം ഉള്‍പ്പെടെയുള്ള സമീപകാല റിപ്പോര്‍ട്ടുകളില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ വിഷയം പരിഗണിക്കുന്നതെന്നും നിര്‍ണായക നടപടികളില്‍ വികാരങ്ങള്‍ ഒരു തരത്തിലും മറയരുതെന്നും ജസ്റ്റിസ് പര്‍ദിവാല ഊന്നിപ്പറഞ്ഞു. 'എല്ലാ പ്രദേശങ്ങളില്‍ നിന്നും നായ്ക്കളെ പിടി കൂടി ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഡല്‍ഹി എന്‍.സി.ടി, എം.സി.ഡി, എന്‍.ഡി.എം.സി എന്നിവയോട് വന്ധ്യംകരണത്തിനും വാക്‌സിനേഷനും മതിയായ ജീവനക്കാരുള്ള നായ സംരക്ഷണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. തെരുവുകളിലേക്ക് നായ്ക്കളെ തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, ദുര്‍ബല പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് തെരുവ് നായ്ക്കളെ ഉടന്‍ പിടികൂടാന്‍ തുടങ്ങണമെന്നും ആവശ്യമെങ്കില്‍ ഒരു സമര്‍പ്പിത സേനയെ സൃഷ്ടിക്കണമെന്നും കോടതി അധികാരികളോട് പറഞ്ഞു.