കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജികളില്‍ വിശദമായ വാദം കേല്‍ക്കുമെന്ന് ചീഫ് ജസ്റ്റിസായ ബി ആര്‍ ഗവായ് അറിയിച്ചു. മുസ്ലീം ലീഗ് നേതാവ് കൂടിയായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ വിഷയം അവതരിപ്പിക്കുകയായിരുന്നു.
എസ്‌ഐആര്‍ തദ്ദേശതെരെഞ്ഞെടുപ്പ് സമയത്ത് നടത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിഎല്‍എമാര്‍ ജീവനൊടുക്കിയ സംഭവങ്ങളുണ്ടായെന്നും ഹാരിസ് ബീരാന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന് പിന്നാലെയാണ് എസ്‌ഐആറിനെതിരായ എല്ലാ ഹര്‍ജികളും വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. എസ്‌ഐആറിനെതിരെ കേരള സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, സിപിഎം എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി നല്‍കുമെന്ന് സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലീം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ഏത് ബെഞ്ചാകും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല.