തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം
നിലവിലുള്ള 40 ലധികം മൊബൈല്‍ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം സജ്ജമാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടി EClNET പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈല്‍ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. ഡല്‍ഹിയില്‍ നടന്ന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷണന്‍ ഗ്യാനേഷ് കുമാര്‍ ആണ് ഈ ആശയം അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ക്കായി പലതരം ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായണ് ഏക ഡിജി പ്ലാറ്റ്ഫോമിലൂടെ ECINET ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന ഈ പ്ലാറ്റ്ഫോം ഏകദേശം 100 കോടി വോട്ടര്‍മാര്‍, 10.5 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ( BLO), 15 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (BLA), 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥര്‍, 15, 597 അസിസ്റ്റന്റ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (AERO ), 4,123 ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ERO), 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ (DEO), എന്നിവര്‍ അടങ്ങുന്ന വിശാലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പ്രയോജനം ചെയ്യും. അവസാനഘട്ട പരിശോധനകള്‍ക്ക് ശേഷം ECINET ഉടന്‍ നിലവില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു.
വിവരശേഖരണത്തിനായി സുതാര്യവും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച രീതിയിലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ECINET വഴി നല്‍കുന്ന എല്ലാ തരം ഡാറ്റയും 1950, 1951- ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ നിയമങ്ങള്‍, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ നിയമങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. സമ്മേളനത്തില്‍ കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധുവും, ഡോ. വിവേക് ജോഷിയും സന്നിഹിതരായിരുന്നു.