വിവാഹച്ചടങ്ങിൽ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദളിത് യുവാവിനെ സവർണജാതിക്കാർ തല്ലിക്കൊന്നു
ശ്രീകോട്ട് ഗ്രാമത്തിൽ ഏപ്രിൽ 26ന് നടന്ന വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുത്ത ജിതേന്ദ്രയെന്ന ആളാണ് ആക്രമിക്കപ്പെട്ടത്.
വിവാഹ സൽക്കാരത്തിൽ തങ്ങൾക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിതനെ സവർണ്ണജാതിക്കാർ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലാണ് സംഭവം.ശ്രീകോട്ട് ഗ്രാമത്തിൽ ഏപ്രിൽ 26ന് നടന്ന വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുത്ത ജിതേന്ദ്രയെന്ന ആളാണ് ആക്രമിക്കപ്പെട്ടത്.
തങ്ങൾക്ക് മുന്നിലിരുന്ന് ദളിതൻ ഭക്ഷണം കഴിച്ചതാണ് സവർണ്ണ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്‌പി ഉത്തംസിംഗ് ജിംവാൾ പറഞ്ഞു. ആക്രമണത്തിനിരയായി മാരകമായി പരിക്കേറ്റ ജിതേന്ദ്രയെ ഡറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സവർണ്ണ സമുദായാംഗങ്ങളായ ഗജേന്ദ്രസിംഗ്, ശോഭൻ സിംഗ്, കുശാൽ സിംഗ്, ഗബ്ബാർ സിംഗ്, ഹർബ്ബീർ സിംഗ്, ഹുക്കും സിംഗ് എന്നിവർക്കെതിരെയാണ് പട്ടികജാതി-പട്ടിക വർഗ പീഡന നിയമപ്രകാരം കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎസ്‌പി അറിയിച്ചു.