Select Your Language

Notifications

webdunia
webdunia
webdunia
webdunia

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്‍ടറെ മര്‍ദ്ദിച്ച്, ചങ്ങലയില്‍ കെട്ടി, റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്‍ടറെ മര്‍ദ്ദിച്ച്, ചങ്ങലയില്‍ കെട്ടി, റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്

സുബിന്‍ ജോഷി

, ഞായര്‍, 17 മെയ് 2020 (21:15 IST)
ഡോക്‍ടര്‍മാരുടെ കുറവിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിന് രണ്ടുമാസം മുമ്പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്‍ടര്‍ക്ക് വിശാഖപട്ടണത്ത് പൊലീസിന്‍റെ വക ക്രൂര മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയത് കൂടാതെ ഡോ. സുധാകര്‍ എന്ന ഈ അനസ്‌തെറ്റിസ്റ്റിനെ ചങ്ങലയില്‍ ബന്ധിച്ച് റോഡിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്‌തു.
 
പൊലീസിന്‍റെ ഈ മനുഷ്യത്വരഹിതമായ പെരുമാറ്റം നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കവേയായിരുന്നു. എന്നാല്‍ ഇതിനെതിരെ ആരും പ്രതികരിച്ചില്ല. പൊലീസ് അയാളുടെ കൈകൾ പിന്നിൽ ചങ്ങലകൊണ്ട് കെട്ടിയിട്ട് ഒരു ഓട്ടോയിൽ കയറ്റുന്നതിന് മുമ്പായി അയാളെ തല്ലിച്ചതയ്ക്കുകയായിരുന്നു.
 
ഡോക്ടർമാർക്ക് എൻ -95 മാസ്‌കുകൾ നൽകിയിട്ടില്ലെന്നും 15 ദിവസത്തേക്ക് ഒരു മാസ്‌ക് ഉപയോഗിക്കാൻ ആവശ്യപ്പെട്ടതായും ഡോ. സുധാകർ മാർച്ചിൽ ആരോപിച്ചിരുന്നു. ആരോഗ്യവകുപ്പ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നതായിരുന്നു കുറ്റം.
 
ഡോക്ടറെ മർദ്ദിച്ചതിന് ഒരു കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തതായി വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ആർ കെ മീണ അറിയിച്ചു. ഡോക്‍ടറിനോടുള്ള പൊലീസിന്റെ ക്രൂരമായ പെരുമാറ്റം സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാകെ പ്രതിഷേധം ഉയരുന്നു. 
 
പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും സിപിഐയും മറ്റ് പാർട്ടികളും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്തെ ക്രമസമാധാനനിലയുടെ പ്രതിഫലനമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
 
അക്കയ്യപാലം പ്രദേശത്ത് ദേശീയപാതയിൽ ഒരാൾ ശല്യമുണ്ടാക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോൾ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം എന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. “നാലാം ടൗൺ പൊലീസ് സ്ഥലത്തെത്തുകയും നർസിപട്ടണം സർക്കാർ ആശുപത്രിയിലെ ഡോ. സുധാകറാണ് പ്രശ്‌നക്കാരനെന്ന് കണ്ടെത്തുകയും ചെയ്‌തു. പൊലീസ് ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ സുധാകർ മോശമായി പെരുമാറി, ഒരു കോൺസ്റ്റബിളിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെറിഞ്ഞു” - കമ്മീഷണർ പറഞ്ഞു. കുറച്ചുകാലമായി ഡോക്ടർ മാനസിക പ്രശ്‌നങ്ങളാൽ വലയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
 
ദേശീയപാതയിലെ ഗതാഗതത്തിന് അസൌകര്യം ഉണ്ടാകാതിരിക്കാൻ പൊലീസ് ഡോ. സുധാകറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നും കമ്മീഷണര്‍ ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് 19, ആർക്കും രോഗമുക്തിയില്ല