ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തവണത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ല. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഹോളി ആഘോഷങ്ങളില്‍ നിന്നുവിട്ടുനില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചത്.
“ഇന്ത്യക്കാര്‍ക്ക് വളരെയേറെ പ്രധാനപ്പെട്ട ആഘോഷമാണ് ഹോളി. പക്ഷേ, കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇത്തവണ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൊതു ആഘോഷങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്” - അമിത് ഷാ വ്യക്‍തമാക്കുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രാജ്യം ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ പൊതുചടങ്ങുകള്‍ പരമാവധി ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ അമിത് ഷായും നരേന്ദ്രമോദിയും മുന്നോട്ടുവയ്ക്കുന്നത്.
"കോവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിനായി പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന ലോകമെങ്ങുമുള്ള വിദഗ്‌ധരുടെ ഉപദേശപ്രകാരം ഇത്തവണ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു” - എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ബി ജെ പി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡയും ഇത്തവണ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.