ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു
മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
കാണ്‍പൂര്‍: നിര്‍ബന്ധിച്ച് ചുംബിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സ്ത്രീയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന പുരുഷന്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെ ചുംബിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായാണ് യുവതി അയാളുടെ നാക്ക് കടിച്ചു പറച്ചത്.
പരിക്കേറ്റ 35 വയസ്സുള്ള ചാമ്പിയുടെ നാവിന് ഗുരുതരമായ പരിക്കേറ്റു. വിവാഹിതനാണെങ്കിലും അയാള്‍ക്ക് സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. പിന്നീട് സ്ത്രീ ബന്ധം അവസാനിപ്പിച്ചു. കുടുംബത്തിന്റെ അനുമതിയോടെ മറ്റൊരു പുരുഷനുമായി അവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹനിശ്ചയത്തിനുശേഷം സ്ത്രീ ചാമ്പിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിച്ചു. എന്നാല്‍ ത്ത തീരുമാനം അംഗീകരിക്കാന്‍ അയാള്‍ വിസമ്മതിക്കുകയും അവളെ ഉപദ്രവിക്കുന്നത് തുടരുകയും ചെയ്തു.
സംഭവദിവസം സ്ത്രീ വീടിനടുത്തുള്ള ഒരു കുളത്തിലേക്ക് ഒറ്റയ്ക്ക് പോയിരുന്നു. അവിടെ വെച്ച് ചാമ്പി അവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് അയാള്‍ അവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടയില്‍ സ്ത്രീ അയാളുടെ നാക്ക് കടിച്ചുവെന്നും പോലീസ് പറഞ്ഞു. കടിയുടെ ശക്തിയില്‍ അയാളുടെ നാവിന്റെ ഒരു ഭാഗം അറ്റുപോയി. ചാമ്പിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി സ്ത്രീയുടെ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് അയാളെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് ത്രിപാഠി പറഞ്ഞു.