ബെംഗളൂരു: കേരളത്തില്‍ അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് പടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോള്‍ ഭക്തര്‍ മൂക്ക് ക്ലിപ്പ് ഉപയോഗിക്കുകയോ മൂക്ക് മുറുകെ അടയ്ക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലിനമായ ജലാശയങ്ങളില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്നും അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൂടാതെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് അയ്യപ്പ ഭക്തരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണില്‍ പ്രത്യേക നികുതി ഇളവുകള്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും കത്തെഴുതിയിട്ടുണ്ട്.
ദസറ സീസണില്‍ കേരളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മൈസൂരുവിലും സമാനമായ നികുതി ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലേക്ക് പ്രവേശിക്കുന്ന കര്‍ണാടക ടാക്‌സികള്‍ക്കും ഇതേ തരത്തിലുള്ള ഇളവ് നല്‍കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.