ആര്‍ഷഭാരതത്തില്‍ കന്യാകുമരി മുതല്‍ ഹിമാലയം വരെയുള്ള മുക്കിലും മൂലയില്‍മുള്ളവര്‍ എല്ലക്കൊല്ലവും ആഘോഷിക്കാറുള്ളതാണ് നവരാത്രി ദിനങ്ങള്‍. ഇരുട്ടിനു മേല്‍ അസുരതയുടെ മേല്‍ അജ്ഞതയുടെ മേല്‍ ഒക്കെയുള്ള വിജയമാണ് ഈ ദിനങ്ങളുടെ സന്ദേശം.
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ് ''കാലം.'' എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു; ഒപ്പം പ്രപഞ്ചവും.
കാലത്തിന്റെ ഈ അധീദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത് കാലചക്രരൂപിണിയായ ഈ കാളീദേവിയാണ്. എന്നാല്‍ കേരളത്തില്‍ സര്‍സ്വതി പൂജയ്ക്കാണ് പ്രാധാന്യം എന്നോര്‍ക്കണം. എന്നാല്‍ മറ്റുള്ള ഇടങ്ങളില്‍ അങ്ങനെയല്ല. ശക്തിയേ ആരാധിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായാണ് ഭാരതത്തില്‍ പലയിടത്തും ഇതിനേ കാണുന്നത്.
എഴുനൂറ് മന്ത്രശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേവീമാഹാത്മ്യമാണ് നവരാത്രികാലത്ത് പാരായണം ചെയ്യുക. ഇത് ഒരു പ്രത്യേക ക്രമമനുസരിച്ചാണ്. പാരായണവേളയില്‍ നിശ്‌ചിത ക്രമത്തില്‍ വ്യത്യസ്‌തങ്ങളായ പൂജകളും നടത്തപ്പെടുന്നു. ഇങ്ങനെ ഒമ്പതു ദിവസങ്ങള്‍കൊണ്ട് ദേവീമാഹാത്മ്യത്തിന്റെ ആധാരദേവതയായ ചണ്ഡികാദേവിയെ ഉപാസിക്കുന്ന ക്രിയാസമുച്ചയമാണ് നവചണ്ഡികായജ്‌ഞം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ചണ്ഡീയജ്‌ഞം സകലവിധ ആരാധനകളിലും വച്ച് ഏറ്റവും വിശിഷ്‌ടം എന്ന് അറിയപ്പെടുന്നു.
വ്യക്‌തിഗതമായ അടിസ്‌ഥാനത്തില്‍ ചെയ്യാവുന്ന നവരാത്രികര്‍മങ്ങളില്‍ ഒന്നാമത്തേത് വിദ്യാരംഭമാണ്. വെറുതെ എഴുത്തിനിരുത്തുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പകരം താന്ത്രികദീക്ഷാവിധിയനുസരിച്ചുതന്നെ നടത്തപ്പെടുന്ന ക്രിയയാണ് താന്ത്രികവിദ്യാദീക്ഷ. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ വിദ്യാരംഭമെന്നത് കച്ചവടമായതും വികലമായ അനുകരണങ്ങളായതിനാലും ഇതേപ്പറ്റി പലര്‍ക്കും ഗ്രാഹ്യമില്ല.
എഴുത്തിനിരുത്തപ്പെടുന്ന കുട്ടിക്ക് ശക്‌തിപ്രദീക്ഷ നല്‍കുന്നതാണ് താന്ത്രികവിദ്യാദീക്ഷയുടെ മര്‍മ്മഭാഗം. മനുഷ്യ ശരീരത്തില്‍ ഏഴ് ശക്തി ചക്രപീഠങ്ങളുണ്ട്. മൂലാധാരം, സ്വാധിഷ്‌ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്‌ഞ തുടങ്ങിയ ഈ ചക്രങ്ങളിലൂടെ ശക്‌തി മന്ത്രാക്ഷരങ്ങള്‍ ഉപയോഗിച്ച് ചൈതന്യലേഖനം നടത്തുന്ന ക്രിയയാണ് ശക്തിപ്രദീക്ഷ.
ഇതിനു ശേഷം മാത്രമേ സര്‍വസാധാരണരീതിയിലുള്ള സാമാന്യ വിദ്യാരംഭക്രിയ നടത്തി പൂര്‍ണമാക്കുന്നു. മന്ത്രലേഖന സഹിതമായ ഈ മഹാവിദ്യാദീക്ഷ ലഭിക്കുന്ന കുട്ടി ഭാവിയില്‍ പണ്ഡിതനും സാഹിത്യകാരനുമായിത്തീരാം. വലിയ കലാകാരന്‍മാരോ കലാകാരികളോ ആയേക്കാം. പ്രഗത്ഭ നേതാക്കളും ആചാര്യന്‍മാരും ആയിത്തീരുന്നതിനും സാധ്യതകാണുന്നു. ഇങ്ങനെ മഹാശാക്‌തേയദീക്ഷ ലഭിക്കുകയെന്നത് അനവധി ജന്മാന്തരങ്ങളിലെ മഹാപുണ്യംതന്നെയാകുന്നു എന്നത് വസ്‌തുതയാണ്.
യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ.
ശരത് നവരാത്രി
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ്(സെപ്റ്റംബര്‍-ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ ശിവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.
വസന്ത നവരാത്രി
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ്(മാര്‍ച്ച്-ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.
അശാത നവരാത്രി
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. ഹിമാചല്‍ പ്രദേശില്‍ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.
നവരാത്രികാലത്തെ അനുഷ്‌ഠാനങ്ങളില്‍ മറ്റു പ്രാധാന്യമുള്ളവയായി പറയുന്നത് അഷ്‌ടലക്ഷ്‌മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്. അത്ഭുതകരമായ സര്‍വസമ്പല്‍സമൃദ്ധി നല്‍കുന്ന കര്‍മമാണ് അഷ്‌ടലക്ഷ്‌മീബലി. മഹാലക്ഷ്‌മിയും മറ്റ് അഷ്‌ടലക്ഷ്‌മീമാരും സമഗ്രമായി ഉപാസിക്കപ്പെടുന്ന ഈ ചടങ്ങ് നടക്കുന്നതെവിടെയോ അവിടെ പന്ത്രണ്ടുവര്‍ഷത്തേക്ക് യാതൊരുവിധത്തിലുള്ള ദാരിദ്ര്യകലകളും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
സര്‍വകാര്യങ്ങളിലും വിജയം സാധകന് നേടിത്തരുന്ന കര്‍മമാണ് ജയദുര്‍ഗാപൂജ. ജയിക്കുന്നതിന് ദുഷ്‌കരമായ സാഹചര്യത്തില്‍പോലും വിജയം പ്രദാനം ചെയ്യുന്ന പൂജാകര്‍മമാണ് ഇത്. സകലവിധ കലകളുടെയും അധിദേവതയാണ് മാതംഗി. രാജമാതംഗീപൂജ നടത്തിക്കുന്ന വ്യക്‌തി കലാരംഗത്ത് അതിപ്രശസ്‌തിയും ധനസമൃദ്ധിയും നേടുന്നു. കലാരംഗത്ത് ഉയര്‍ച്ച ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ട കര്‍മമാണ് രാജമാതംഗീപൂജ.
വിവാഹതടസം അനുഭവപ്പെടുന്നവര്‍ക്ക് ആ തടസങ്ങള്‍ എല്ലാം മാറി ഉടന്‍ വിവാഹപ്രാപ്‌തി നല്‍കുന്ന മഹാകര്‍മമാണ് മംഗളാഗൗരീപൂജ. വാഗ്‌വാദങ്ങള്‍, തര്‍ക്കങ്ങള്‍, കേസു വ്യവഹാരങ്ങള്‍ ഇവയില്‍ ജയം നേടിത്തരുന്നതാണ് ഹംസവാഗീശ്വരീപൂജ. ഇങ്ങനെ നിത്യജീവിതത്തിലെ സാമാന്യകാര്യങ്ങളിലും നമുക്ക് ഉദ്ദേശ്യസാധ്യത്തിനായി അനുഷ്‌ഠിക്കാവുന്ന വിശേഷമാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് നവചണ്ഡികാപൂജകളും അതിനോടനുബന്ധമായ കാര്യങ്ങളും. ശരിയായ രീതിയില്‍ ഇവ നിര്‍വഹിച്ചാല്‍ സര്‍വാഭീഷ്‌ടസിദ്ധിയാണ് ഫലം.