ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായകമായ പതിനാലാം മത്സരം ഇന്ന് നടക്കും. ചാമ്പ്യന്‍ഷിപ്പിലെ 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുതാരങ്ങള്‍ക്കും 6.5 പോയന്റുകളാണുള്ളത്. ഇന്ന് വിജയിക്കുന്ന ആളാകും പുതിയ ലോകചാമ്പ്യനാവുക എന്നതിനാല്‍ തന്നെ ഇരുവര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്നത്തെ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ വെള്ളിയാഴ്ച ട്രൈബ്രേക്കറിലാകും ജേതാവിനെ കണ്ടെത്തുക.
നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറന്‍ വെള്ളക്കരുക്കളുമായാണ് ഇന്ന് കളിക്കുക. അതിനാല്‍ തന്നെ അവസാന റൗണ്ട് മത്സരം ഗുകേഷിന് കടുത്തതാകും. ട്രൈബ്രേക്കറില്‍ കൂടുതല്‍ മത്സരപരിചയം ഡിംഗ് ലിറനായിരുന്നതിനാല്‍ ഇന്ന് വിജയിക്കാന്‍ ഗുകേഷ് പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. സിംഗപ്പൂരിലെ സെന്റോസയിലുള്ള റിസോര്‍ട്ട് വേള്‍ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2:30നാണ് പതിനാല്‍ റൗണ്ട് മത്സരം തുടങ്ങുക. ഫിഡെയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളായ ചെസ്. കോമിലൂടെയും മത്സരം തത്സമയം കാണാനാകും.