കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു
ചെന്നിത്തല തൃപ്പെരുംതുറ സ്വദേശി കെ.ബി. ബാബുവിന്റെ മകന്‍ ബെറ്റ്സന്‍ ബാബുവാണ് (43) മരിച്ചത്.
ആലപ്പുഴ: കെ.എസ്.ഇ.ബി ജീവനക്കാരുടെ അശ്രദ്ധ മൂലമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചെന്നിത്തല തൃപ്പെരുംതുറ സ്വദേശി കെ.ബി. ബാബുവിന്റെ മകന്‍ ബെറ്റ്സന്‍ ബാബുവാണ് (43) മരിച്ചത്. ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് ചെന്നിത്തലയിലെ കോട്ടമുറിക്ക് പടിഞ്ഞാറ് ഭാഗത്ത് തൊഴിലാളികള്‍ കെ.എസ്.ഇ.ബി വാഹനത്തില്‍ നിന്ന് അശ്രദ്ധമായി സാധനങ്ങള്‍ ഇറക്കുന്നതിനിടെ ബൈക്ക് ഓടിച്ചിരുന്ന ബെറ്റ്സന്‍ ബാബു ഒരു മെറ്റല്‍ റോളിലും ഒരു തൊഴിലാളി കൈകാര്യം ചെയ്തിരുന്ന ഒരു ജോലി ഉപകരണത്തിലും ഇടിച്ച് വീണു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, വാരിയെല്ലുകള്‍ ഒടിഞ്ഞു, ആന്തരിക പരിക്കുകളും ഉണ്ടായി. അപകടം നടന്ന ഉടന്‍ തന്നെ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ബെറ്റ്സണെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടകാരണം വ്യക്തമായിരുന്നില്ല. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പിന്നീട് കാരണം മനസ്സിലായത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ബെറ്റ്‌സണ്‍ അന്തരിച്ചത്. അമ്മ മേരിക്കുട്ടി. സഹോദരി ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗം ബെറ്റ്‌സി ജിനു. ഭാര്യ: തിരുവല്ല പരുത്തിപ്പാറയില്‍ സൂസന്‍ ഫിലിപ്പ്. മകള്‍: ആല്‍വിന ബെറ്റ്‌സണ്‍. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെന്നിത്തലയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.