ശ്രീദേവി ഒരിടത്തുമില്ലായിരുന്നു; പാര്‍വതിക്കും ടേക്ക്ഓഫിനും പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചു- വെളിപ്പെടുത്തലുമായി ജൂറി അംഗം
ശ്രീദേവി ഒരിടത്തുമില്ലായിരുന്നു; പാര്‍വതിക്കും ടേക്ക്ഓഫിനും പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചു- വെളിപ്പെടുത്തലുമായി ജൂറി അംഗം
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം പാര്‍വതിക്ക് നല്‍കാനുള്ള തീരുമാനം അവസാന നിമിഷം അട്ടിമറിച്ചെന്ന് ജൂറി അംഗം വിനോദ് മങ്കര.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക്ഓഫിനും നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും നല്‍കാനുള്ള തീരുമാനം. എന്നാല്‍, പ്രഖ്യാപനം ഉണ്ടായപ്പോഴാണ് അട്ടിമറി നടന്നതായി മനസിലായതെന്നും വിനോദ് മങ്കര പറഞ്ഞു.
ജൂറിയിലെ എല്ലാ അംഗങ്ങളും പാര്‍വതിക്കു വേണ്ടിയാണ് സംസാരിച്ചത്. അവസാന നിമിഷം വരെ എല്ലാവരും ടേക്ഓഫിനും പാര്‍വതിക്കും ഒപ്പമായിരുന്നു. ഈ ഘട്ടങ്ങളില്‍ ഒരിടത്തും ശ്രീദേവി മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ശ്രീദേവി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെപ്പോലൊരു സംവിധായകന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും വിനോദ് മങ്കര പറഞ്ഞു.
തന്റെ ആദ്യ ചിത്രത്തില്‍ നായികയായി എന്ന പരിഗണന കൊണ്ടാണോ, അല്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വാധീനം മൂലമാണോ ജൂറി ചെയര്‍മാന്‍ ശ്രീദേവിക്ക് പുരസ്‌കാരം നല്‍കിയതെന്ന് അറിയില്ല. പാര്‍വതിക്കും ടേക്ക് ഓഫിനും ലഭിക്കേണ്ട പുരസ്‌കാരങ്ങള്‍ അവസാന നിമിഷങ്ങളിലാണ് മാറിമറിഞ്ഞത്. ഈ അട്ടിമറി ജൂറി ചെയര്‍മാന്റെ പരിധിയില്‍ വരുന്നതാണോ എന്നു പറയാന്‍ കഴിയില്ലെന്നും വിനോദ മങ്കര പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.