തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്തു. ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്ന ആരോപണം വ്യാജമാണെന്ന് എൽ ഡി എഫ്.
തെളിവായി ഒരു വീഡിയോയാണ് എൽഡിഎഫ് വൃത്തങ്ങളിൽ പ്രചരിക്കുന്നത്. കോൺഗ്രസ്സ് പ്രവര്‍ത്തകർ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എൽഡിഎഫ് ആരോപിക്കുന്നു. കോൺഗ്രസ്സ് പ്രവർത്തകർ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ‘ചതിക്കല്ലേടാ’ എന്നാക്രോശിക്കുന്ന അനിൽ അക്കര എംഎൽഎയാണ് വീഡിയോയിലുള്ളത്. എന്നാൽ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവർത്തകരുടെ കല്ലേറ്.
എൽഡിഎഫ് പ്രവർത്തകർക്കു നേരെയാണ് കോൺഗ്രസ്സ് പ്രവർത്തകർ കല്ലെറിയുന്നതെന്ന് യു ഡി എഫ് ആരോപിക്കുമ്പോൾ കോൺഗ്രസ് തന്നെയാണ് രമ്യയെ കല്ലെറിഞ്ഞതെന്ന് എൽ ഡി എഫും ആരോപിക്കുന്നു. ഇതിനിടയിൽ ‘ചതിക്കല്ലേടാ’ എന്ന അനിൽ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.