ടീനയുടെ മരണം: ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ
ടീനയുടെ മരണം: ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിന് പിന്നിലുള്ള സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ സമീപിക്കും. വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കേസിന്റെ വിചാരണാ നടപടി ക്രമങ്ങൾ നീണ്ടുപോകുമ്പോൾ സാക്ഷികളും തെളിവുകളും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടെൻബ്ൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാർ, ശശീന്ദ്രൻ ആക്‌ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരം എന്നിവർ പറഞ്ഞു. ശശീന്ദ്രൻ നേരിടേണ്ടിവന്ന കടുത്ത സമ്മർദ്ദവും ഭീഷണിയും വ്യക്തമായി അറിയുന്നയാളാണു ടീന.
മരണത്തെ തുടർന്നു കോയമ്പത്തൂരിലെ ആശുപത്രി നടപടികൾ അതിവേഗത്തിലാണു പൂർത്തിയാക്കിയതെന്നു ജോയ് കൈതാരം ആരോപിച്ചു. പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെടേണ്ടതായിരുന്നു. ശശീന്ദ്രൻ കേസിലെ സാക്ഷികളുടെ മരണവും ഫയലുകൾ കാണാതാകലും ദുരൂഹമാണ്. ഇതേക്കുറിച്ചു പുറത്തുനിന്നുള്ള ഏജൻസിതന്നെ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ടീന. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലബാർ സിമന്റ്സ് ആക്‌ഷൻ കൗൺസിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.