ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതായുള്ള ബിൽ അമിത് ഷാ ലോൿസഭയിൽ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പരസ്യമായി എഴുന്നേറ്റ് നിന്ന് പാട്ട് പാടി ആലത്തൂർ എം പി. എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയതോടെ ആദ്യം പരുങ്ങലിലായ എം പി ‘ഇത് തന്റെ പ്രതിഷേധം‘ ആണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള എം പിമാർക്ക് മാത്രമാണ് രമ്യ ഹരിദാസ് പാട്ട് പാടുകയാണെന്ന് മനസിലായത്. മറ്റുള്ളവർ എന്താണ് സംഗതി എന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു. ബില്ലിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നും, തമിഴ് നാട്ടിൽ നിന്നുമുള്ള എം പിമാർ തങ്ങളുടെ ഭാഷയിൽ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ച് തുടങ്ങി.
പ്രതിഷേധവുമായി എം പിമാർ നടുത്തളത്തിലിറങ്ങിയപ്പോഴാണ് രമ്യ ഹരിദാസ് സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്ന് ഗാനമാലപിച്ചത്. ബഹളത്തിനിടയിലും രമ്യയുടെ ഗാനം ഏവരും കേട്ടു. ഇതോടെ എല്ലാവരും രമ്യയെ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് ഇതെന്റെ പ്രതിഷേധമെന്ന് പറഞ്ഞ് എം പി സീറ്റിൽ ഇരുന്നത്.