Sukanya Samriddhi Yojana: നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ടോ? മാസം 12,500 രൂപ നിക്ഷേപിക്കൂ, 64 ലക്ഷം തിരിച്ചുകിട്ടും !
പോസ്റ്റ് ഓഫീസിലോ ഏതെങ്കിലും അംഗീകൃത ബാങ്കിലോ സുകന്യ സമൃദ്ധി യോജന വഴി മകളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം
Sukanya Samriddhi Yojana: 2015 ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി ലഘുസമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana) ആരംഭിച്ചത്. ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാതാപിതാക്കളെ സഹായിക്കുന്നതാണ് ഈ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് ഇതില്‍ നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസിലോ ഏതെങ്കിലും അംഗീകൃത ബാങ്കിലോ സുകന്യ സമൃദ്ധി യോജന വഴി മകളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. ഈ പദ്ധതിയിലെ നിക്ഷേപത്തിനു 7.6 ശതമാനം പലിശ ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്രതിമാസം 12,500 രൂപ അതായത് പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 64 ലക്ഷം രൂപ തിരിച്ചുകിട്ടുന്നതാണ് ഈ പദ്ധതി. നിക്ഷേപിക്കുന്ന തുക മുഴുവന്‍ ആദായ നികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
പെണ്‍കുട്ടിക്ക് 21 വയസ്സാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ പകുതി പിന്‍വലിക്കാനുള്ള ഓപ്ഷനും ഉണ്ട്. 18 വയസ്സില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആണ് പകുതി തുക പിന്‍വലിക്കാനുള്ള ഓപ്ഷന്‍.
പെണ്‍കുട്ടിക്ക് ഒരു വയസ്സാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കണം. പ്രതിമാസം 12,500 രൂപ വീതം അടുത്ത 14 വര്‍ഷം നിക്ഷേപിക്കണം. 7.60 ശതമാനം പലിശ കണക്കാക്കിയാല്‍ പെണ്‍കുട്ടിക്ക് 21 വയസ്സാകുമ്പോള്‍ 64 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍.
പ്രതിമാസം 12,500 രൂപ നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അതിനേക്കാള്‍ ചെറിയ പ്ലാനിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഈ സ്‌കീമില്‍ നിങ്ങള്‍ പ്രതി മാസം 3000 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 36000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 14 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 7.6 ശതമാനം പലിശയില്‍ 9,11,574 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, ഈ തുക ഏകദേശം 15,22,221 രൂപയാകും. ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ തൊട്ടടുത്തുള്ള അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോകുക.