തമിഴകത്തെ സൂപ്പര്‍ താരമായ അജിത് കുമാറിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുക ആദിക് രവിചന്ദ്രന്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയാണ് അജിത്തിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. വമ്പന്‍ ബജറ്റില്‍ ഇറങ്ങിയ ഫാന്‍ ബോയ് സിനിമ 212 കോടിയാണ് തമിഴ് നാട്ടില്‍ നിന്നും കളക്റ്റ് ചെയ്തത്. തമിഴകത്തെ വമ്പന്‍ ഹിറ്റുകളെ കടത്തിവെട്ടാനായില്ലെങ്കിലും അടുത്ത സിനിമയിലും ആദിക് രവിചന്ദ്രന്‍ തന്നെയാകും അജിത് സിനിമയുടെ സംവിധായകനാവുക എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
അജിത്തിന്റെ കടുത്ത ആരാധകനാണ് ആദിക്. തൂത്തുക്കുടി പശ്ചാത്തലമാക്കി ഒരു റൂറല്‍ ഡ്രാമയായിട്ടാകും സിനിമ റിലീസ് ചെയ്യുക. അജിത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്നതാകും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.നിലവില്‍ കാറോട്ട മത്സരങ്ങളില്‍ സജീവമായിട്ടുള്ള താരം സിനിമയില്‍ നിന്നും ഇടവേളയിലാണ്. അതിനാല്‍ തന്നെ പുതിയ സിനിമയുടെ ഷൂട്ട് എപ്പോഴാകും തുടങ്ങുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.