സിനിമാരംഗത്ത് നടീനടന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചര്‍ച്ചകള്‍ തുറന്നുവരാറുണ്ട്. വമ്പന്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചെറിയ നായകന്മാര്‍ വരെ വലിയ തുക വാങ്ങുമ്പോള്‍ നായികമാര്‍ക്ക് ഇതിനെ താരതമ്യം ചെയ്യുമ്പോള്‍ പലപ്പോഴും ചെറിയ തുകയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി പ്രിയാമണി.
സിനിമയില്‍ ലിംഗപരമായ വേതന വ്യത്യാസമുണ്ട് എന്നത് സത്യം തന്നെയാണെന്ന് പ്രിയാമണി പറയുന്നു. സ്വന്തം വിപണി മൂല്യം തിരിച്ചറിഞ്ഞ് വേണം പ്രതിഫലം ചോദിക്കാനെന്നും പ്രിയാമണി പറയുന്നു. നിങ്ങളുടെ വിപണി മൂല്യം എന്താണോ അത് ചോദിക്കണം. അതിനനുസരിച്ച് പ്രതിഫലം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പുരുഷ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. അതെന്നെ അലട്ടുന്നില്ല. എന്റെ വിപണി മൂല്യം എന്താണെന്ന് എനിക്കറിയാം. ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം ആവശ്യപ്പെടാറുണ്ട്. അല്ലാതെ അനാവശ്യമായ ഉയര്‍ന്ന നിരക്ക് ഞാന്‍ ആവശ്യപ്പെടാറില്ല. സിഎന്‍എന്‍ ന്യൂസ് 18 നടത്തിയ ഷോയ്ക്കിടെ പ്രിയാമണി പറഞ്ഞു.