ന്യൂഡൽഹി: ബോളിവുഡ് നടൻ അഭിഷേക് ബച്ചന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനധികൃതമായി ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. അഭിഷേക് ബച്ചന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ സമ്മതമോ അംഗീകാരമോ ഇല്ലാതെ സാമ്പത്തിക നേട്ടങ്ങൾക്കായി അദ്ദേഹത്തിന്റെ ചിത്രം, പേര്, ശബ്ദം അല്ലെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റ് ഘടകങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് വിവിധ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യപരമോ വ്യക്തിപരമോ ആയ നേട്ടങ്ങൾക്കായി തൻ്റെ പേര്, ചിത്രം, ഫോട്ടോകൾ, ശബ്ദം എന്നിവ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ ഹർജി നൽകിയത്.
അനുവാദമില്ലാതെ എഐ ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് ടീ ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടീ ഷർട്ട് നിർമിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടീ ഷോപ്പ്. അഭിഷേക് ബച്ചന്റെ പേരും ചിത്രങ്ങളും ഇവർ ഉപയോഗിച്ചിരുന്നു.
അനധികൃതമായി ദുരുപയോഗം ചെയ്യുന്നത് അദ്ദേഹത്തെക്കുറിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് തേജസ് കറിയ അഭിപ്രായപ്പെട്ടു. ഉടനടി അദ്ദേഹത്തിന് സംരക്ഷണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന് സാമ്പത്തികമായും അതുപോലെ പ്രശസ്തിയ്ക്കും അന്തസ്സിനും നികത്താനാവാത്ത നഷ്ടം സംഭവിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായ് സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി അനുകൂല വിധി പറഞ്ഞിരുന്നു.