Nimish Ravi and Ahaana Krishna: 'നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു'; നിമിഷ് രവിയെ പ്രശംസിച്ച് അഹാന കൃഷ്ണ
നിമിഷ് രവിയാണ് ലോകയ്ക്ക് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ 1 ചന്ദ്ര തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇതിനോടകം 275 കോടി നേടിക്കഴിഞ്ഞു. ഇൻഡസ്ട്രി ഹിറ്റായ സിനിമയുടെ ഒരു പ്രധാന ഘടകം ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിയാണ്.
നിമിഷ് രവിയാണ് ലോകയ്ക്ക് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ നിമിഷനെ അഭിനന്ദിച്ചു കൊണ്ടുള്ള അഹാനയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന പ്രശംസിച്ചിരിക്കുന്നത്. അഹാനയുടെ കുറിപ്പ് നിമിഷും ഷെയർ ചെയ്തിട്ടുണ്ട്. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാന്വാനമാണ് നിമിഷ് രവി നടത്തിയത് എന്ന് അഹാന പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റേത് ചിത്രത്തിന്റെ തിരക്കിലായാലും നിമിഷ് എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് ലോകയെ കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും അത്രമാത്രം ആത്മാർഥമായാണ് ഈ ചിത്രത്തിനായി നിമിഷ് പ്രവർത്തിച്ചതെന്നും അഹാന പറയുന്നു.
"ഇത് നിങ്ങൾക്കുള്ളതാണ് 'നിം'. ഒരു മുഴുവൻ ദിവസത്തെ ഷൂട്ട് തീരുമ്പോഴേക്കും ആരായാലും വല്ലാതെ ക്ഷീണിച്ച് പോകും. പക്ഷേ ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലെല്ലാം, എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് നീ ലോകയെ കുറിച്ച് ചോദിക്കുമായിരുന്നു.
ഡൊമിനിക്കും നീയും ചേർന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേൽ ആത്മാർഥമായാണ് നിങ്ങൾ നിന്നത്. ഒരു ഛായാഗ്രഹകനും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു. എനിക്ക് നിന്നെ ഓർത്ത് അഭിമാനമുണ്ട്".- അഹാന കുറിച്ചു.