ബ്രഹ്മാനന്ദം പ്രീ റിലീസ് ഇവൻ്റിനിടെ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി നടത്തിയ പരാമർശം വിവാദമാകുന്നു. തൻ്റെ പാരമ്പര്യം നിലനിർത്താൻ കുടുംബത്തിൽ ചെറുമകൻ ഇല്ലാത്തതിനെ പറ്റിയാണ് ഇവൻ്റിനിടെ മെഗാസ്റ്റാർ സംസാരിച്ചത്. ഞാൻ വീട്ടിലിരിക്കുമ്പോൾ ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ ആണെന്ന് തോന്നുന്നു. ചുറ്റും ലേഡീസ്. ഞാൻ എപ്പോഴും രാം ചരണിനോട് പറയാറുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാൻ ഒരു ആൺകുട്ടി വേണമെന്ന്. പക്ഷേ അവൻ്റെ മകൾ അവൻ്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെൺകുട്ടി ഉണ്ടാകുമോ എന്നാണ് എൻ്റെ പേടി. എന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.
ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പർ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് പെൺകുഞ്ഞ് ജനിക്കുന്നത്. മെഗാസ്റ്റാറിൻ്റെ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചിരഞ്ജീവി ഉപയോഗിച്ച വാക്കുകൾ സങ്കടകരമെന്ന് പല കമൻ്റുകളും പറയുന്നു. ഒരു പെൺകുട്ടിയാണെങ്കിൽ എന്തിനാണ് ഭയം. ആൺകുട്ടികൾ ചെയ്യുന്നത് പോലെയോ അതിലും മികച്ചതോ ആയി അവർ പാരമ്പര്യം കൊണ്ടുപോകില്ലെ.എന്തിനാണ് പരസ്യമായി ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞ് സമൂഹത്തെ പിന്നിലേക്ക് കൊണ്ടുപോകുന്നു. എന്ത് അധഃപതിച്ച ചിന്തയാണ്. വീഡിയോ പങ്കുവെച്ച് കൊണ്ട് നിരവധി ആളുകൾ പ്രതികരിക്കുന്നു. അതേസമയം അടുത്തകാലത്തായി ചിരഞ്ജീവി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് സാധാരണമായിട്ടുണ്ടെന്ന് പല കമൻ്റുകളും പറയുന്നു.