ഹൈദരാബാദ്: ഒരു വർഷത്തിലധികമായി ചിരഞ്ജീവിയുടെ ഒരു സിനിമ റിലീസ് ആയിട്ട്. ഇപ്പോഴിതാ താരം വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. നാനി അവതരിപ്പിക്കുകയും സുധാകർ ചെറുകുരി നിർമ്മിക്കുകയും ചെയ്യുന്ന ഈ പ്രോജക്റ്റ് ചിരഞ്ജീവിക്ക് കരിയറിലെ റെക്കോഡ് പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മെഗാസ്റ്റാറിന് പ്രതിഫലത്തിന്റെ വലിയൊരു ഭാഗം ഇതിനോടകം നൽകി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. 75 കോടി രൂപയാണ് ചിരഞ്ജീവിക്ക് ഈ ചിത്രത്തിൽ പ്രതിഫലമായി നൽകുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. 90 കളുടെ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ് ഈ സിനിമ എന്നാണ് വിവരം. ചിരഞ്ജീവി തന്റെ പ്രായവുമായി പൊരുത്തപ്പെടുന്ന ഒരു വേഷമാണ് ഈ സിനിമയിൽ ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
ചിരഞ്ജീവിയുടെ ചോര പുരണ്ട കൈ കാണിക്കുന്ന ഫസ്റ്റ് ലുക്ക് ടീസർ ഇതിനോടകം തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. ഇപ്പോൾ സംവിധായകൻ ശ്രീകാന്ത് ഒഡേല നാനിക്കൊപ്പം ദി പാരഡൈസ് എന്ന ചിത്രമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അത് പൂർത്തിയാകുന്ന മുറയ്ക്ക് അദ്ദേഹം ചിരഞ്ജീവിയുടെ സിനിമയുടെ ജോലികൾ ആരംഭിക്കും. ശ്രീകാന്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. നാനിക്കൊപ്പം ദസറ എന്ന സിനിമയാണ് ശ്രീകാന്ത് ആദ്യം ചെയ്തത്.