കളങ്കാവല്‍ ഒരു ക്രൈം ഡ്രാമ; മമ്മൂട്ടി സീരിയല്‍ കില്ലര്‍ തന്നെയെന്ന സൂചന നല്‍കി സംവിധായകന്‍
Kalamkaval, Mammootty: കളങ്കാവലില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് നായകന്‍
Mammootty: ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളില്‍ മലയാള സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കളങ്കാവല്‍'. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഓഗസ്റ്റില്‍ തിയറ്ററുകളിലെത്താനാണ് സാധ്യത.
ചിത്രത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്. കളങ്കാവല്‍ ഒരു ക്രൈം ഡ്രാമയാണെന്ന് ജിതിന്‍ പറയുന്നു. മാത്രമല്ല മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതെന്നും സംവിധായകന്‍ ഉറപ്പുനല്‍കുന്നു.
' കളങ്കാവല്‍ ഒരു ക്രൈം ഡ്രാമ സിനിമയാണ്. കുറച്ചു കാലമായിട്ട് മമ്മൂക്ക നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത കഥാപാത്രങ്ങളും, പ്രകടനങ്ങളും സ്ഥിരമായി അവതരിപ്പിച്ചു വരികയാണല്ലോ. അതുപോലെ ഇതുവരെ നമ്മള്‍ കാണാത്ത ഒരു വ്യത്യസ്തമായ മമ്മൂക്കയെ ആയിരിക്കും ഇതില്‍ കാണാന്‍ പോകുന്നത്,' ജിതിന്‍ പറഞ്ഞു.
കളങ്കാവലില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍.