മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ധ്രുവ് വിക്രം എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്കും നടനും തമിഴ്‌നാട്ടിൽ നിന്നും ലഭിച്ചത്. ബൈസൺ റിലീസിന് പിന്നാലെ ധ്രുവ് നായകനായെത്തുന്ന അടുത്ത ചിത്രമേതായിരിക്കും എന്ന രീതിയിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടന്നിരുന്നു. 2023 ൽ സൂപ്പർ ഹിറ്റായി മാറിയ കില്ലിന്റെ തമിഴ് റീമേക്കിൽ ധ്രുവ് നായകനായി എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച വയലൻസ് ആക്ഷൻ ത്രില്ലറെന്നാണ് പലരും കില്ലിനെ വിശേഷിപ്പിച്ചത്. എന്നാൽ ധ്രുവ് ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരിയറിൽ ഇതുവരെ ചെയ്ത നാല് സിനിമകളിൽ രണ്ടെണ്ണം റീമേക്കായിരുന്നു. ഇനിയും റീമേക്കുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്ന് ബൈസണിന്റെ പ്രൊമോഷനിടെ ധ്രുവ് വ്യക്തമാക്കിയിരുന്നു.
ഇതിന് പുറമെ സംവിധായകൻ മാരി സെൽവരാജിന്റെ ഉപദേശവും മാറി ചിന്തിക്കാൻ ധ്രുവിനെ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. ബൈസൺ എന്ന സിനിമ തമിഴിലെ സാധാരണ പ്രേക്ഷകർ ഏറ്റെടുത്തെന്നും വയലൻസ് അധികമുള്ള സിനിമകൾ ചെയ്ത് ഇപ്പോഴുള്ള ജനപ്രീതി നഷ്ടപ്പെടുത്തരതെന്ന് മാരി ധ്രുവിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഈ രണ്ട് കാര്യങ്ങളാണ് റീമേക്കിൽ നിന്ന് ധ്രുവ് പിന്മാറാൻ കാരണമെന്ന് പറയപ്പെടുന്നു.