മലയാള സിനിമയുടെ ബജറ്റ്/കളക്ഷൻ കാര്യത്തിൽ വലിയ ചർച്ചയായ സിനിമയായിരുന്നു പൃഥ്വിരാജിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ലൂസിഫറും എമ്പുരാനും. സിനിമയിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയിരുന്നു. ദി ആർ ജെ മൈക്ക് ഷോയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ പൃഥ്വിരാജ് എന്ന സംവിധായകൻ എന്തുകൊണ്ടാണ് തനിക്ക് പ്രിയപ്പെട്ടവൻ ആകുന്നതെന്ന് മഞ്ജു തുറന്നു പറയുന്നു.
ലൂസിഫറിന്റെ അന്നൗൺസ്‌മെന്റ് വന്നപ്പോൾ തനിക്കും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിച്ചിരുന്നുവെന്ന് പറയുകയാണ് മഞ്ജു. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചും മഞ്ജു മനസ് തുറന്നു. പൃഥ്വിരാജിന് താൻ എടുക്കുന്ന സിനിമയെ കുറിച്ചും ഷോട്ടിനെ കുറിച്ചും നല്ല ധാരണയുണ്ടെന്ന് മഞ്ജു പറയുന്നു.
'മോഹൻലാലിനെ വെച്ച് പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോൾ ആ സിനിമയുടെ ഭാഗമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിച്ചിരുന്നു. എന്റെ ഭാഗ്യത്തിന് അതിൽ ഒരു വേഷം ചെയ്യാൻ എന്നെ രാജു വിളിച്ചു. എനിക്ക് ഇതുവരെ കിട്ടിയതിൽ ഒരു നല്ല ശക്തിയുള്ള വേഷമായിരുന്നു പ്രിയദർശിനി രാം ദാസ്.
ലൂസിഫറിലും എമ്പുരാനിലും രാജു പറഞ്ഞു തരുന്ന ജോലി ചെയ്യാൻ ശ്രമിക്കുന്ന ആളായിരുന്നു ഞാൻ. കാരണം കൃത്യമായി നല്ല ധാരണ രാജുവിന്റെ മനസിൽ ഉണ്ട്. എനിക്ക് രാജു എന്ന സംവിധായകനെ മാത്രമേ പരിചയം ഉള്ളൂ. കാരണം ഞാൻ രാജുവിന്റെ ഒപ്പം അഭിനയിച്ചിട്ടില്ല. ഒരുപക്ഷെ രാജു ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അഭിനേതാക്കൾക്ക് വളരെ കംഫോർട്ടബിൾ ആണ്. അത് രാജു നടൻ ആയത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല.
അല്ലെങ്കിൽ രാജുവിന്റെ സംസാരം അത്രയും ടോപ് ആയത് കൊണ്ടാണോ എന്നും എനിക്ക് അറിയില്ല. എന്റെ അഞ്ച് പ്രിയപ്പെട്ട സംവിധായകരുടെ ലിസ്റ്റ് എടുക്കുമ്പോൾ അതിൽ എന്തായാലും രാജു ഉണ്ടാകും. എമ്പുരാനിൽ ആണെങ്കിലും ബ്രോ ഡാഡി, ലൂസിഫർ സിനിമകളിൽ പ്രവർത്തിച്ച ആരോട് ചോദിച്ചാലും രാജുവെന്ന സംവിധായകനെക്കുറിച്ച് നൂറു നാവാണ്. എന്നെ സംബന്ധിച്ച് എനിക്ക് അത് മാത്രമേ അറിയുകയുള്ളൂ,' മഞ്ജു വാര്യർ പറഞ്ഞു.