ബ്രെയിന്‍ അന്യൂറിസം സ്ഥിരീകരിച്ചതിന് പറ്റി തുറന്ന് പറഞ്ഞ് പ്രശസ്ത റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍. സാധാരണ ചെക്കപ്പിന്റെ ഭാഗമായി എംആര്‍ഐ സ്‌കാന്‍ ചെയ്തപ്പോഴാണ് രോഗവിവരം സ്ഥിരീകരിച്ചതെന്ന് ദി കര്‍ദാഷിയാന്‍സ് ഷോയില്‍ സംസാരിക്കവെ കിം പറഞ്ഞു.
ഭര്‍ത്താവുമായുള്ള കാന്യെ വെസ്റ്റുമായുള്ള വിവാഹമോചനം, ബിസിനസിലെ പ്രതിസന്ധികള്‍,പ്രശസ്തി, മാതൃത്വം എന്നിവയെല്ലാം അമിതമായ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചെന്നും ഇതാണ് അന്യൂറിസം വരാന്‍ ഇടയാക്കിയതെന്നും കിം കര്‍ദാഷിയാന്‍ പറയുന്നു. സമ്മര്‍ദ്ദവും ബ്രെയിന്‍ അന്യൂറിസവും തമ്മില്‍ ബന്ധമില്ലെങ്കിലും രക്തസമ്മര്‍ദ്ദത്തിലെ വര്‍ധനവ് അന്യൂറിസത്തിലേക്ക് നയിക്കുന്നതാണ്.
ബ്രെയിന്‍ അന്യൂറിസം ബാധിച്ചവരില്‍ രക്തക്കുഴലുകള്‍ പെട്ടെന്ന് പൊട്ടി അപകടകരമാകുന്ന അവസ്ഥയുണ്ടാകും.മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ ചെറിയ കുമിളകള്‍ പോലെ വീക്കം വരികയും അത് മൂലം മസ്തിഷ്‌കത്തില്‍ സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം. ഇതിലൂടെ രക്തക്കുഴലുകള്‍ ബലഹീനമാകുകയും പിന്നീട് അവ പൊട്ടുകയും ചെയ്യുന്നത് വഴി മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാകാം. ഇങ്ങനെ റപ്‌ച്വെര്‍ഡ് അന്യൂറിസം ഉണ്ടാകുന്നവരില്‍ 50 ശതമാനവും മരണത്തിന് കീഴടങ്ങുകയാണ് പതിവ്.