Coolie: 'നടന്നു വന്നു, അപ്രത്യക്ഷനായി': കൂലി ചെയ്തത് വലിയ തെറ്റ്; രജനികാന്ത് ചിത്രത്തെ ആമിര്‍ തള്ളിപ്പറഞ്ഞോ?
ആമിര്‍ ഖാന്‍, ഉപേന്ദ്ര എന്നീ വലിയ താരങ്ങള്‍ അതിഥി വേഷങ്ങളിലുമെത്തി.
ഏറെ ഹൈപ്പിൽ റിലീസ് ആയ രജനികാന്ത് ചിത്രമാണ് കൂലി. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. നാഗാര്‍ജുന വില്ലനായ ചിത്രത്തില്‍ സൗബിന്‍, സത്യരാജ്, നാഗാര്‍ജുന, ശ്രുതി ഹാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
ഇതിനൊപ്പം ആമിര്‍ ഖാന്‍, ഉപേന്ദ്ര എന്നീ വലിയ താരങ്ങള്‍ അതിഥി വേഷങ്ങളിലുമെത്തി. എന്നാല്‍ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കൂലിയ്ക്ക് സാധിച്ചില്ലെന്നാണ് കൂലിയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ കൂലിയെ ആമിര്‍ ഖാന്‍ തള്ളിപ്പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്. ഒരു മാധ്യമത്തിന് ആമിര്‍ നല്‍കിയ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
കൂലി ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് കുറ്റബോധമുണ്ടെന്നുമാണ് വൈറലാകുന്ന സ്‌ക്രീന്‍ഷോട്ടില്‍ ആമിര്‍ ഖാന്‍ പറയുന്നത്. താൻ ഷൂട്ടിൽ ഇടപെടില്ലെന്നും മനോഹരമായി വരുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
'രജനി സാബിന് വേണ്ടിയാണ് ഞാന്‍ അതിഥി വേഷം ചെയ്യാന്‍ തയ്യാറായത്. സത്യത്തില്‍ എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല. നടന്നു വന്നു, ഒന്നോ രണ്ടോ ലൈന്‍ പറഞ്ഞു, അപ്രതക്ഷ്യനായി എന്നാണ് തോന്നിയത്. ഒരു അര്‍ത്ഥവുമില്ല. അതിന് പിന്നില്‍ ഒരു ചിന്തയുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണ്.
ഞാന്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ഫൈനല്‍ പ്രൊഡക്ട് എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. രസകരമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷെ എന്തുകൊണ്ടാണ് ആളുകള്‍ നിരാശരായത് എന്ന് മനസിലാക്കുന്നു. സീന്‍ വര്‍ക്കായില്ല, അത്രയേയുള്ളൂ. അതൊരു വലിയ തെറ്റായിരുന്നു. ഭാവിയില്‍ കൂടുതല്‍ സൂക്ഷിക്കും'' എന്നും ആമിര്‍ ഖാന്‍ പറഞ്ഞതായാണ് വാര്‍ത്ത.
അതേസമയം വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊന്നും ആമിര്‍ ഖാന്റെ പ്രതികരണം വന്നിട്ടില്ല. വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയിലെ ഏതോ വിരുതന്‍ നിര്‍മിച്ചതാണെന്നും കൂലിയ്ക്ക് ലഭിക്കുന്ന ട്രോളുകളുടെ തുടര്‍ച്ചയായി സൃഷ്ടിച്ചതാണ് ആമിറിന്റെ പ്രതികരണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുത എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.