മലയാളി സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമാണ് പത്മരാജന്‍. പത്മരാജന്‍ സിനിമകള്‍ക്ക് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചത് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. അക്കൂട്ടത്തില്‍ പക്ഷേ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത സിനിമയാണ് മോഹന്‍ലാല്‍ നായകനായ സീസണ്‍ എന്ന സിനിമ. ഇപ്പോഴിതാ സീസണ്‍ എന്ന മോഹന്‍ലാല്‍ സിനിമ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണെന്നും സീസണ്‍ റീമെയ്ക്ക് ചെയ്ത് കാണാന്‍ ആഗ്രഹമുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയ താരമായ ഫഹദ് ഫാസില്‍. അമല്‍ നീരദ് സീസണ്‍ റീമെയ്ക്ക് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഫഹദ് പറയുന്നു.
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തില്‍ ഫഹദ് സീസണ്‍ സിനിമയേയും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് സീസണ്‍ റീമെയ്ക്ക് ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ പറ്റിയും ഫഹദ് തുറന്ന് സംസാരിച്ചത്. 1989ല്‍ പുറത്തിറങ്ങിയ റിവഞ്ച് ത്രില്ലറായ സീസണ്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നാണ്. കോവളം പശ്ചാത്തലമാക്കിയുള്ള സിനിമ അക്കാലത്ത് ഏറെ വ്യത്യസ്തത നിറഞ്ഞ സിനിമയായിരുന്നു. സിനിമയില്‍ ജീവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഐറിഷ് അമേരിക്കന്‍ താരമായ ഗാവിന്‍ പക്കാര്‍ഡായിരുന്നു സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.