തന്റെ ജീവിത പങ്കാളിയായ അശ്വതിയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ 'ജയ ജയ ജയ ജയഹേ' എന്ന സിനിമ സംഭവിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ വിപിന്‍ദാസ്. ഈ സിനിമയില്‍ ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തെ പോലെയായിരുന്നു താനെന്നും തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നത് അശ്വതി വന്നതിനുശേഷം ആണെന്നും വിപിന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
'2018-ലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നത് അച്ചു വന്ന ശേഷമാണ്. ഞങ്ങള്‍ കണ്ടുമുട്ടിയിലായിരുന്നുവെങ്കില്‍ 'ജയ ജയ ജയ ജയഹേ' എന്ന സിനിമ നടക്കില്ലായിരുന്നു എന്നുവരെ തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ നമ്മളില്‍ പലരും സിനിമയിലെ രാജേഷിനെ പോലെയുള്ള ഒരാളായിരിക്കാം. പിന്നീട് ഒരു പാര്‍ട്ണര്‍ വരുമ്പോഴാണ് നമ്മളീ ചെയ്യുന്നത് ശരിയല്ലെന്ന് തിരിച്ചറിയുന്നത്.
എന്റെ ജീവിതത്തിലും അങ്ങനെ തന്നെ. ജയഹേ ചെയ്യുമ്പോള്‍ അതിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചും മറ്റും പറഞ്ഞുതന്നത് അച്ചുവാണ്',- വിപിന്‍ദാസ് പറഞ്ഞു.
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയഹേ'.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 2022 ഡിസംബര്‍ 22നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.2022 ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. 5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.