ബോളിവുഡ് ഒരുക്കാലത്ത് നെപ്പോ കിഡ്‌സിന് അവസരങ്ങള്‍ ലഭിക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ഏറെ ലഭിച്ച സിനിമാവ്യവസായമാണ്. സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങി ഒട്ടേറെ നെപ്പോകിഡ്‌സ് ബോളിവുഡില്‍ വിജയങ്ങള്‍ സ്വന്തമാക്കിയതാണ്. എന്നാല്‍ പുതിയ തലമുറയിലെ നെപ്പോകിഡ്‌സിന് പക്ഷേ ചുവട് പിഴക്കുന്നതാണ് സമീപകാലത്തായി കാണാനാവുന്നത്. അതിലെ അവസാനത്തെ എന്‍ട്രിയാണ് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ നായകനായെത്തിയ സിനിമ.
നാദാനിയാന്‍ എന്ന സിനിമയിലാണ് ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും നായികാനായകന്മാരായി എത്തിയത്. എന്നാല്‍ ബോക്‌സോഫീസില്‍ മാര്‍ച്ച് 7ന് പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് വലിയ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഇരുവരുടെയും പ്രകടനം വളരെ മോശമാണെന്നും നെപ്പോ കിഡ്‌സിന്റെ നല്ലകാലം ബോളിവുഡില്‍ അവസാനിച്ചെന്നും പ്രേക്ഷകര്‍ വിമര്‍ശനങ്ങളായി പറയുന്നു. അസഹനീയമായ സിനിമ, നല്ല കഥ, ഗാനങ്ങള്‍ ഉണ്ടെങ്കിലും താരങ്ങളുടെ പ്രകടനം കാരണം കണ്ടിരിക്കാന്‍ വയ്യ എന്നതരത്തിലും കമന്റുകള്‍ വരുന്നുണ്ട്.
അടുത്തിടെ ഖുഷിയും ആമിര്‍ഖാന്റെ മകനായ ജുനൈദ് ഖാനും അഭിനയിച്ച ലൗ യാപ് എന്ന സിനിമയും പരാജയപ്പെട്ടിരുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ ലൗ ടുഡേയുടെ റീമെയ്ക്കായിരുന്നു ഈ സിനിമ.