Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah: 'ഇത് കൊലച്ചതിയായി പോയി ദുൽഖർ; പരമ ബോറൻ യക്ഷിക്കഥ': ലോകയ്ക്കെതിരെ ഇക്‌ബാൽ

Lokah

നിഹാരിക കെ.എസ്

, തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (14:07 IST)
റെക്കോർഡുകളെല്ലാം തൂത്തുവാരി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ദുൽഖർ സൽമാൻ നിർമ്മിച്ച സിനിമ ഇതിനോടകം 250 കോടി നേടിക്കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ 300 കോടി നേടുന്ന സിനിമയാകുമോ ലോകയെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
 
ഇപ്പോഴിതാ ചിത്രത്തെ വിമർശിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് കേരള യൂണിവേഴ്സിറ്റി മുൻ വിസിയും വിദ്യാഭ്യാസ വിദ​ഗ്ധനുമായ ഡോ. ബി ഇക്ബാൽ. ‘അസഹ്യം” എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമ ബോറൻ യക്ഷിക്കഥയാണ് ലോകയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
 
കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ എത്രയോ യക്ഷി സിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറിയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിൻ്റെ തരിമ്പ് പോലും ചിത്രത്തിലില്ലെന്നും ഡോ. ബി ഇക്ബാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. അതേസമയം കല്യാണിയ്ക്ക് പുറമേ നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, ര​ഘുനാഥ് പാലേരി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
മലയാള സിനിമയിൽ യക്ഷിബാധ! ഇത് കുറച്ച് നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാൽ നീണ്ടുപോയി. വളരെനാൾ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയറ്ററിൽ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തി കൊണ്ടിരിക്കുന്ന ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.
 
‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടൻ ദുൽഖർ സൽമാൻ—അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമ്മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.
 
ഇത് വലിയൊരു കൊലച്ചതിയായി പോയി ദുൽഖർ. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പർ സ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയിൽ പറഞ്ഞാൽ, "ഭീഭത്സം", "അരോചകം" ‘അസഹ്യം” എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥ.
 
കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ—എത്രയോ യക്ഷി സിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറിയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിൻ്റെ തരിമ്പ് പോലും ചിത്രത്തിലില്ല. സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതി ശ്വാസമെടുത്തപ്പോൾ വരുന്നു കിടിലൻ ട്വിസ്റ്റ്: “ചാത്തൻമാർ ഇനിയും വരും”.
 
അതായത് "ലോക" പീഡന ശൈലിയിൽ തുടർ സിനിമകളും വരുമെന്ന ഭീഷണി തന്നെ! സിനിമക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി O Negative രക്തം ദാനം ചെയ്യാൻ തിയറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂ നിന്ന് തുടങ്ങുമോ എന്നാണെൻ്റെ ഭയം.
 
ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന യക്ഷി കഥയാവാൻ സാധ്യയുള്ള ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷി പീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ഒന്നേയുള്ളൂ—ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ahana Krishna: ഒരു Late ഓണം; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ