ആഗോള ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് ലോക. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ ചിത്രമായി ലോക മാറി. 30 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.
ഇപ്പോഴും ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ മിക്ക തിയേറ്ററുകളിലും സ്പെഷ്യൽ ഷോകൾ നടത്തുകയാണ്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാകുമ്പോഴും പലയിടങ്ങളും സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്നു.
സിനിമയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്നെ സ്വീകരിക്കുന്ന സ്ത്രീ പ്രക്ഷകരെ തനിക്ക് മനസിലാകുന്നുണ്ടെന്നും എന്നാൽ നായകൻ ഇല്ലാതിരുന്നിട്ടും സിനിമയെ ഏറ്റെടുത്ത പുരുഷ പ്രേക്ഷകരുടെ സ്നേഹം അതിശയിപ്പിക്കുന്നുവെന്നും കല്യാണി പറഞ്ഞു. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് കല്യാണിയുടെ പ്രതികരണം.
'ലോക സിനിമയെ പിന്തുണച്ചു മുന്നോട്ട് വരുന്ന സ്ത്രീകളെ എനിക്ക് മനസിലാകും, എന്നാൽ ചിത്രം ഒരു പുരുഷനെ ചുറ്റിപ്പറ്റിയാവണമെന്ന നിർബന്ധമില്ലാതെ സിനിമ കണ്ട് തിയേറ്ററിൽ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പുരുഷ പ്രേക്ഷകർ എത്രത്തോളമാണെന്നത് അതിശയിപ്പിക്കുന്നതാണ്. ഈ പ്രേക്ഷകരെ നമ്മൾ വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
പ്രേക്ഷകരെ പറ്റിയുള്ള തെറ്റായ ധാരണകളാണ് പലപ്പോഴും സിനിമകൾ ചെയ്യാനുള്ള പരിമിതികൾ വർധിപ്പിക്കുന്നത്. ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതിൽ സന്തോഷം. ഇതുപോലെയുള്ള ചിത്രങ്ങൾക്ക് വേണ്ടി ഒരു ജാലകം തന്നെ ലോകയിലൂടെ തുറന്നു”, കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു.