Vijay: 'ഞാന്‍ നിങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത്'; വിജയ് പൊട്ടിക്കരഞ്ഞു, സന്ദര്‍ശനം ഒരു മാസത്തിനു ശേഷം
കരൂരിലേക്ക് എത്താന്‍ സാധിക്കാതിരുന്നതിലും റാലിക്കിടെ അപകടമുണ്ടായതിലും വിജയ് ക്ഷമാപണം നടത്തി
Karur Stampede: കരൂര്‍ അപകത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നടനും ടിവികെ പാര്‍ട്ടി അധ്യക്ഷനുമായ വിജയ്. അപകടം സംഭവിച്ച് ഒരു മാസത്തിനു ശേഷമാണ് ഇരകളായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ വിജയ് എത്തിയത്.
' അദ്ദേഹം എന്നോടു സംസാരിക്കുമ്പോള്‍ ആകെ തകര്‍ന്നു പോയിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം കരഞ്ഞു,' കരൂര്‍ അപകടത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ചയൊരുക്കിയത്. ഇരുന്നൂറിലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു. പലരെയും തലേദിവസം തന്നെ ബസുകളില്‍ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടന്‍, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴില്‍ നല്‍കുമെന്നും ഉറപ്പു നല്‍കി.
കരൂരിലേക്ക് എത്താന്‍ സാധിക്കാതിരുന്നതിലും റാലിക്കിടെ അപകടമുണ്ടായതിലും വിജയ് ക്ഷമാപണം നടത്തി. ' ഞങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തു തരേണ്ടതെന്ന് വിജയ് ചോദിച്ചു. എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി. പെട്ടന്ന് ചോദിക്കാന്‍ എനിക്ക് ആവശ്യങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹത്തിനു ഞാന്‍ മറുപടി നല്‍കി,' വിജയുമായുള്ള സംസാരത്തെ കുറിച്ച് ഒരാള്‍ വെളിപ്പെടുത്തി.