ഒരു കളർ പടം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മമിത ബൈജു അഭിനയരംഗത്തേക്ക് വരുന്നത്. ഓപ്പറേഷൻ ജാവ എന്ന തരുൺ മൂർത്തി ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി. അവിടെ നിന്ന് ഖൊഖൊ, സൂപ്പർ ശരണ്യ പോലുള്ള സിനിമകളിലൂടെ കാലുറപ്പിച്ച്, പ്രേമലു പോലൊരു സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിലേക്ക് വളർന്ന നടിയാണ് മമിത ബൈജു .
ഇന്ന് മലയാളത്തിന് പുറമെ തമിഴകത്തും മമിതയ്ക്ക് വലിയ രീതിയിലുള്ള സ്വീകരണവും അംഗീകാരവും ലഭിയ്ക്കുന്നു. ഒന്നിനു പിറകെ ഒന്നായി സൂപ്പർ താര ചിത്രങ്ങളാണ് മമിത തമിഴിൽ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. വിജയ് യുടെ ജനനായകൻ എന്ന ചിത്രമാണ് അതിലേറ്റവും പ്രധാനം. പിന്നാലെ, സൂര്യ, ധനുഷ്, തുടങ്ങിയവരുടെ നായികയായുള്ള സിനിമകളും അണിയറയിൽ ഒരുങ്ങുന്നു.
വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന സൂര്യയുടെ 46 ആമത്തെ ചിത്രത്തിൽ മമിതയാണ് നായിക. ആ ചിത്രത്തിൽ അവസരം ലഭിച്ചതിനെ കുറിച്ച് അടുത്തിടെ ഒരു അവാർഡ് ഷോയിൽ മമിത ബൈജു സംസാരിക്കുകയുണ്ടായി. ഇത്രത്തോളം പോലും റെക്കഗനേഷൻ എനിക്ക് കിട്ടാതിരുന്ന ഒരു സമയത്ത് സൂര്യ സാറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എനിക്കത് നഷ്ടപ്പെട്ടു. അന്നത് വലിയ വിഷമമായിരുന്നു എന്ന്. ഒരുപാട് കരഞ്ഞു. പക്ഷേ ഇപ്പോൾ ഇങ്ങനെ ഒരു സിനിമ വന്നപ്പോൾ, ഞാൻ വളരെ അധികം ത്രില്ലിലാണ് എന്നാണ് മമിത ബൈജു പറഞ്ഞത്.