Manju Warrier: അക്കൗണ്ട് ഫ്രീസ് ചെയ്തു, കാറുകൾ എടുക്കാൻ പാടില്ലെന്ന് പറഞ്ഞു; ഇന്ന് ലക്ഷ്വറി വണ്ടികൾ വാങ്ങിക്കൂട്ടി മഞ്ജു വാര്യർ
വെറുമൊരു വാഹനക്കമ്പം മാത്രമല്ല മഞ്ജുവിന്റെ ഈ ശേഖരത്തിന് പിന്നിലെന്ന് ആരാധകർ പറയാറുണ്ട്.
മലയാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് മാതൃകയാക്കാൻ കഴിയുന്നതും ഏറെ പ്രചോദനം നൽകുന്നതുമായ ജീവിതമാണ് നടി മഞ്ജു വാര്യരുടേത്. ജീവിതത്തിൽ തനിച്ചായി പോയിടത്ത് നിന്നും സാമ്പത്തികമായി ഒന്നും ഇല്ലാതായ അവസ്ഥയിൽ നിന്നും ഇന്ന് എല്ലാം സ്വന്തമായി അദ്ധ്വാനിച്ച് നേടിയതാണ് മഞ്ജു. ലക്ഷ്വറി കാറുകളുടെ ചെറിയൊരു ശേഖരം ഇന്ന് മഞ്ജുവിനുണ്ട്. വെറുമൊരു വാഹനക്കമ്പം മാത്രമല്ല മഞ്ജുവിന്റെ ഈ ശേഖരത്തിന് പിന്നിലെന്ന് ആരാധകർ പറയാറുണ്ട്.
മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ ചർച്ചയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിട്ടുണ്ട്. മഞ്ജുവിനെതിരെ ദിലീപിന്റെ സംഘം തെറ്റായ പ്രചരണങ്ങൾ നടത്തുന്നെന്ന വാർത്ത അന്നത്തെ റിപ്പോർട്ടർ ടിവിയിൽ വന്നു. ഈ ഘട്ടത്തിൽ മഞ്ജുവിനെ അനുകൂലിച്ച് സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്.
'ഞാൻ ആ വീട്ടിൽ ജീവിക്കുമ്പോഴും ഞാനധികം സംസാരിക്കാറില്ലായിരുന്നു ചേച്ചീ' എന്ന് മഞ്ജു പറയുമായിരുന്നു. ഒരിടത്ത് പോലും എന്തായിരുന്നു അകലാനുണ്ടായ കാരണമെന്ന് പബ്ലിക്കായി ഒരിടത്തും മഞ്ജു പറഞ്ഞിട്ടില്ല. സൗഹൃദ സംഭാഷണത്തിനിടയിൽ ചില കാര്യങ്ങൾ അവർ നമ്മളോട് പറയുമെന്നല്ലാതെ അവർ ആരോടും അത് സംസാരിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മഞ്ജു വാര്യരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപുമായുള്ള വേർപിരിയലിന്റെ കാരണങ്ങൾ എന്തെന്ന് മഞ്ജു ഒരിക്കലും എവിടെയും തുറന്നു പറഞ്ഞിട്ടില്ല. ഇവരുടെ വിവാഹമോചനത്തിനെല്ലാം വർഷങ്ങൾക്ക് ശേഷം ഭാഗ്യലക്ഷ്മി ഒരു അഭിമുഖത്തിൽ മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. ദിലീപിന്റെ വീട്ടിൽ ജീവിച്ചപ്പോഴും മഞ്ജു അവിടെ അധികം സംസാരിക്കാറില്ലായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു.
ദിലീപുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ മഞ്ജു നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചു. മഞ്ജുവിന്റെയും ദിലീപിന്റെയും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്തു. ഒപ്പം വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്ന് പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്നും ഇറങ്ങും ചേച്ചീ, പോകാൻ കാറില്ല എന്ന് വരെ അന്ന് പറഞ്ഞിരുന്നു.
വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അന്ന് മഞ്ജു. അതുകൊണ്ടാണ് താനുൾപ്പെടെയുള്ളവർ അന്ന് മഞ്ജുവിനൊപ്പം ആശ്വാസമായി നിന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മാസങ്ങളോളം വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു മഞ്ജു അവിടെ ജീവിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.