'ലാല്‍സലാം'; മോഹന്‍ലാലിനുള്ള സംസ്ഥാന സര്‍ക്കാര്‍ ആദരം നാലിന്
മോഹന്‍ലാലിനെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് 'ലാല്‍'
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവ് നടന്‍ മോഹന്‍ലാലിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയുടെ പേര് 'ലാല്‍സലാം'. പേരിലെ കൗതുകം കൊണ്ട് തന്നെ പരിപാടി ജനശ്രദ്ധ ആകര്‍ഷിക്കുകയാണ്.
മോഹന്‍ലാലിനെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് 'ലാല്‍'. അതോടൊപ്പം 1990 ല്‍ പുറത്തിറങ്ങിയ വേണു നാഗവള്ളി സംവിധാനം ചെയ്ത 'ലാല്‍സലാം' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന പരിപാടിക്ക് 'ലാല്‍ സലാം' എന്നു പേരിട്ടതിനെതിരെ ബിജെപി, കോണ്‍ഗ്രസ് അനുകൂലികള്‍ എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും പേരുകൊണ്ട് തന്നെ പരിപാടി ആളുകളിലേക്ക് എത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ നാലിനു വൈകിട്ട് അഞ്ച് മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ലാല്‍ സലാം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.