AMMA Election: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നവ്യ നായരും ലക്ഷ്മിപ്രിയയും, ഇക്കുറി മത്സരം കടുക്കും
ഓഗസ്റ്റ് 15നു കൊച്ചിയിലാണു തിരഞ്ഞെടുപ്പ്.
താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 74 പേർ പത്രിക നൽകി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ 6 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ഈ മാസം 31 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അന്ന് മാത്രമേ പാനലുകളും കൂട്ടുകെട്ടുകളും സംബന്ധിച്ച് അന്തിമ ചിത്രമാകൂ. ഓഗസ്റ്റ് 15നു കൊച്ചിയിലാണു തിരഞ്ഞെടുപ്പ്.
ഇതാദ്യമായിട്ടാണ് ഇത്രയും അധികം ആളുകൾ മത്സരിക്കാൻ പത്രിക സമർപ്പിക്കുന്നത്. സംഘടനാ തലപ്പത്തേക്ക് ഇനി താനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയതാണ് ഇതിന് കാരണം. അമ്മയിൽ തലമുറമാറ്റം വേണമെന്നും യുവനേതൃത്വം വരണമെന്നും നേതൃനിരയിലുണ്ടായിരുന്ന മുതിർന്ന നടന്മാർ പല തവണ അഭ്യർത്ഥിച്ചെങ്കിലും യുവനടന്മാർ ആരും തന്നെ ഇതിനു മുന്നോട്ട് വന്നിട്ടില്ല.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്കിടയിൽ ശക്തമായ ഒരു മത്സരം തന്നെയുണ്ടാകും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്. അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും പത്രിക നൽകി.
ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി. താരസംഘടനായ 'അമ്മ'യിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മത്സരം ഇക്കുറി കടുക്കുമെന്ന് ഉറപ്പാണ്. സരയു, അൻസിബ, വിനു മോഹൻ, ടിനി ടോം, അനന്യ, കൈലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്കു ജോയ് മാത്യു നൽകിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തിൽ വിട്ടുനിൽക്കാൻ ജോയ് മാത്യു തീരുമാനിക്കുകയായിരുന്നു. 6 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് മത്സരിക്കുക.