Navya Nair: 'അങ്ങനെ ഞാൻ സംഘിയായി': നവ്യ നായർ പറയുന്നു
ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുപ്പം പുലർത്തുന്ന ആളെന്നാണ് നവ്യയെക്കുറിച്ചുള്ള പൊതുധാരണ.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പങ്കുവച്ച് നടി നവ്യ നായർ. കൊടിയുടെ നിറത്തേക്കാൾ നിലപാടുകൾ നോക്കിയാണ് അഭിപ്രായങ്ങൾ പറയാറുള്ളതെന്ന് നവ്യ പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നവ്യ നായർ.
ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുപ്പം പുലർത്തുന്ന ആളെന്നാണ് നവ്യയെക്കുറിച്ചുള്ള പൊതുധാരണ. അങ്ങനെയുള്ള നവ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് മാത്രം അന്ധമായ അടിമത്തം വച്ച് പുലർത്തുന്ന ആളല്ല താനെന്ന് നവ്യ പറയുന്നു.
'അടിസ്ഥാനപരമായി ഇടതുപക്ഷ രാഷ്ട്രീയം മനസിൽ സൂക്ഷിക്കുന്നവരാണ് എന്റെ അച്ഛനും അമ്മയുമൊക്കെ. കുടുംബപരമായി തന്നെ കമ്യുണിസ്റ്റ് ഐഡിയോളജി ഞങ്ങളെ സ്വാധീനിച്ചിരുന്നു. ഒരുപക്ഷേ പുന്നപ്ര വയലാർ സ്ഥിതി ചെയ്യുന്ന ആലപ്പുഴയുടെ മണ്ണിൽ ജനിച്ചു വളർന്നതു കൊണ്ടാവാം. വളർന്നു വന്നപ്പോൾ എന്നിലും ഇടതുപക്ഷ മനോഭാവം കുടിയേറി എന്നതും സത്യമാണ്.
എന്നു കരുതി ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയോട് അന്ധമായ അടിമത്തം സൂക്ഷിക്കുന്ന ഒരാളൊന്നുമല്ല ഞാൻ. എല്ലാ പാർട്ടിയിൽ പെട്ട ആളുകളുമായി വ്യക്തിബന്ധമുണ്ട്. പിണറായി വിജയൻ സാറിനെ വിജയൻ അങ്കിൾ എന്ന് വിളിക്കാവുന്നത്ര അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയെ കമലാന്റി എന്നാണ് വിളിക്കുക. ആ കുടുംബവുമായി നല്ല സൗഹൃദമുണ്ട്. തന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തതും അങ്കിളാണ്.
രമേശ് ചെന്നിത്തല ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുമായും അടുപ്പമുണ്ട്. എന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ ജി.കാർത്തികേയനും എം.കെ.മുനീറും വി.മുരളീധരനുമൊക്കെ പങ്കെടുത്തിരുന്നു. നമ്മുടെ സമൂഹം വളരെ സങ്കുചിതമായി കാര്യങ്ങളെ കാണുന്നതായി തോന്നിയിട്ടുണ്ട്. പിണറായിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ എന്നെ കമ്മിയാക്കിയവർ മോദിജി പങ്കെടുത്ത ചടങ്ങിൽ നൃത്തം ചെയ്തപ്പോൾ സംഘി എന്ന് വിശേഷിപ്പിച്ചു.
ഒരു കലാകാരി എന്ന നിലയിൽ എല്ലാ പ്രസ്ഥാനങ്ങളെയും മാനിക്കുന്നു. അവയുടെ പ്രസക്തി ഉൾക്കൊളളുകയും ചെയ്യുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ചത് ഒരു നർത്തകി എന്ന നിലയിലാണ്. അതൊരു പാർട്ടി പരിപാടി ആയിരുന്നില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന് പറയുമ്പോൾ അത് മുഴുവൻ ആളുകളുടെയും പൊതുസ്വത്താണ്. അതിന് എങ്ങനെ രാഷ്ട്രീയ നിറം കൈവരും', എന്നും നവ്യ നായർ ചോദിക്കുന്നു.